ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; നവംബര്‍ 5

1. ആര്‍.സി.ഇ.പിയില്‍ ചൈനയ്ക്ക് തിരിച്ചടിയേകി ഇന്ത്യ

ഏഷ്യ മേഖലാ തല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (ആര്‍.സി.ഇ.പി) തത്കാലം ഒപ്പു വയ്ക്കില്ലെന്ന ഇന്ത്യയുടെ നിലപാട് ചൈനയുടെ വ്യാപാര തന്ത്രത്തിന് തിരിച്ചടിയെന്ന് നിരീക്ഷണം. അതേസമയം, ഇന്ത്യ ഒപ്പിടാത്ത സാഹചര്യത്തില്‍ ആര്‍.സി.ഇ.പിയില്‍ അംഗങ്ങളായ ചൈനയുള്‍പ്പടെയുള്ള മറ്റ് 15 രാജ്യങ്ങള്‍ സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ്. പക്ഷേ, ഇന്ത്യയില്ലാത്ത കരാര്‍ ഏറെക്കുറെ അപ്രസക്തമാണെന്ന് മിക്ക രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നു.

2. വിദേശ നിക്ഷേപകരെത്തി; രൂപയുടെ മൂല്യം ഉയര്‍ന്നു

രാജ്യത്തെ ഓഹരി, ഡെറ്റ് വിപണികളില്‍ വിദേശ നിക്ഷേപകര്‍ വീണ്ടും കാര്യമായി നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചു. ഇന്നലെ മൂല്യം 0.36 ശതമാനം വര്‍ധിച്ച് 70.57 ആയിരുന്നു. മൂന്ന് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ രാജ്യത്ത് 2.06 ബില്യണ്‍ ഡോളറാണ് നിക്ഷേപം നടത്തിയത്.

3. റിയല്‍എസ്റ്റേറ്റ് ഓണ്‍ലൈന്‍ സംവിധാനം ജനുവരിയില്‍

റിയല്‍ എസ്‌റ്റേറ്റ് വിപണി സുതാര്യമാക്കാന്‍ സര്‍ക്കാരിന്റെ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വരുന്നു. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ കൂട്ടായ്മയായ ക്രെഡായ്, നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയുള്ള വെബ് പോര്‍ട്ടല്‍ ജനുവരിയോടെ പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് ഭവന-നഗര വികസന മന്ത്രാലയത്തിന്റെ അറിയിപ്പ്.

4. പാന്‍ ഓണ്‍ലൈനില്‍ തല്‍ക്ഷണം ലഭ്യമാകും

ആധാര്‍ ഡാറ്റാ ബേസില്‍ ലഭ്യമായ വിശദാംശങ്ങള്‍ ഉപയോഗിച്ച് പാന്‍ ഓണ്‍ലൈനില്‍ തല്‍ക്ഷണം നല്‍കാനുള്ള സൗകര്യം ആദായനികുതി വകുപ്പ് ആരംഭിക്കുന്നു, അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ സേവനം ആരംഭിക്കുമെന്നും നിലവില്‍ പാന്‍ ഉള്ളവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തനിപ്പകര്‍പ്പ് ലഭിക്കാനും ഇതുപകരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

5. പഴയ പോളിസികള്‍ ജീവനേകാനൊരുങ്ങി എല്‍ഐസി

ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിലേറെയായി പ്രീമിയം മുടങ്ങിയിട്ടുള്ള പോളിസികള്‍ക്ക് പുതുജീവനേകാന്‍ ഒരുങ്ങി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ). 2014 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന ഐആര്‍ഡിഎഐ നിയമപ്രകാരം തുടര്‍ച്ചയായി രണ്ടു വര്‍ഷത്തിലധികം പ്രീമിയം മുടങ്ങിയ പോളിസികള്‍ക്ക് പ്രീമിയം തുടരാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പുതിയ നിയമപ്രകാരം അഞ്ച് വര്‍ഷം വരെ പ്രീമിയം മുടങ്ങിയ നോണ്‍ ലിങ്ക്ഡ് പോളിസികളും മൂന്നു വര്‍ഷം വരെ പ്രീമിയം മുടങ്ങിയ യൂണിറ്റ് ലിങ്ക്ഡ് പോളിസികളും പ്രീമിയം അടച്ചു പുതുക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it