നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: നവംബര്‍ 14
1.റീട്ടെയില്‍ നാണയപ്പെരുപ്പം കുതിച്ചുയര്‍ന്നു; പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങി
റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ നാണയപ്പെരുപ്പം ഒക്ടോബറില്‍ 4.62 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. സൂചിക റിസര്‍വ് ബാങ്കിന്റെ 'നിയന്ത്രണ രേഖ'യായ നാല് ശതമാനത്തിനു മേലേക്ക് കുതിച്ച പശ്ചാത്തലത്തില്‍ അടുത്ത ധനനയ നിര്‍ണയ യോഗങ്ങളില്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങി.സെപ്തംബറില്‍ 3.99 ശതമാനവും കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 3.38 ശതമാനവുമായിരുന്നു നാണയപ്പെരുപ്പം. 2018 ജൂലൈക്ക് ശേഷം ആദ്യമായാണ് റീട്ടെയില്‍ നാണയപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലെത്തുന്നത.്
2.ആദായ നികുതി ഇളവിന് നിര്‍ദേശങ്ങള്‍ തേടി കേന്ദ്രം
അടുത്ത ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ബജറ്റിനുള്ള ഒരുക്കങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രാലയം തുടക്കമിട്ടു. ഇതോടനുബന്ധിച്ച് പ്രത്യക്ഷ-പരോക്ഷ നികുതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ വ്യവസായ - വ്യാപാര രംഗത്തുള്ളവരോട് ആവശ്യപ്പെട്ടു.വ്യക്തിഗത ആദായ നികുതി, കോര്‍പ്പറേറ്റ് നികുതി, എക്സൈസ് നികുതി, കസ്റ്റംസ് നികുതി എന്നിവയിലെ പരിഷ്‌കരണത്തിനുള്ള നിര്‍ദേശങ്ങളാണ് ആരാഞ്ഞത്.
3.ഡോളറിനെതിരെ രൂപയുടെ മൂല്യം 62 പൈസ കുറഞ്ഞു
യുഎസ്-ചൈന വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം 62 പൈസ കുറഞ്ഞ് യുഎസ് ഡോളറിന് 72.09 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.
4. 1.33 ലക്ഷം കോടി രൂപ ഉടന്‍ നല്‍കണമെന്ന് ടെലികോം കമ്പനികളോട് മന്ത്രാലയം
സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ ടെലികോം കമ്പനികള്‍ നല്‍കേണ്ട 1.33 ലക്ഷം കോടി രൂപയുടെ നികുതി ബാധ്യത ഉടന്‍ തീര്‍ക്കണമെന്ന് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം നിര്‍ദ്ദേശിച്ചു. എയര്‍ടെല്‍, വോഡാഫോണ്‍ കമ്പനികളെ പ്രതിസന്ധിയിലാക്കുന്ന നിര്‍ദ്ദേശമാണിതെന്ന് ടെലികോം മേഖല കരുതുന്നു. ഇരു കമ്പനികളും ഇക്കാര്യത്തില്‍ ഇളവുകളും സാവകാശവും തേടിയിരുന്നു.
5.നിക്ഷേപകര്‍ക്കു വേണ്ടി പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ വരുന്നു
നിക്ഷേപകര്‍ക്കു സംരംഭങ്ങള്‍ സുഗമമായി നടത്താനായി സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കും. ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് എന്നിവര്‍ക്കായിരിക്കും ചുമതല. സംരംഭം തുടങ്ങാനെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഇവിടെ ലഭിക്കും. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള നിരാക്ഷേപ പത്രമുണ്ടെങ്കില്‍ പഞ്ചായത്ത് ഭരണസമിതികള്‍ ലൈസന്‍സ് അപേക്ഷ നിരസിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline