ലോകത്തിലെ അതിസമ്പന്ന ഗായിക റിഹാനയുടെ കമ്പനി ഓഹരി വിപണിയിലേക്ക്!

പാട്ടിനെയും ബിസിനസിനെയും ഒരു പോലെ പാട്ടിലാക്കിയ ലോകത്തിലെ അതിസമ്പന്ന ഗായിക റിഹാനയുടെ സ്ത്രീകള്‍ക്കായുള്ള ഇന്നര്‍വെയര്‍ കമ്പനി ഓഹരി വിപണിയിലേക്ക്. 300 കോടി ഡോളര്‍ മൂല്യമുള്ള Savage X Fenty യാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നതെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഒ നടപടികളുടെ ഭാഗമായി ഗോള്‍ഡ്മാന്‍ സാക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവയുമായി കമ്പനി ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ കമ്പനി 125 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചിരുന്നു. ബാര്‍ബഡോസില്‍ ജനിച്ച റോബിന്‍ റിഹാന ആല്‍ബങ്ങളിലൂടെയും സ്‌റ്റേജ് ഷോയിലൂടെയും മാത്രമല്ല ബ്യൂട്ടി, ഇന്നര്‍വെയര്‍ ബ്രാന്‍ഡുകളിലൂടെയുമാണ് ലോകത്ത് അതിസമ്പന്ന ഗായികയായി മാറിയിരിക്കുന്നത്. ഫെന്റി ബ്യൂട്ടി, ഫെന്റി സ്‌കിന്‍ എന്നിങ്ങനെ രണ്ട് കമ്പനികള്‍ കൂടി സാവേജ് എക്‌സിന് പുറമേ റിഹാനയ്ക്കുണ്ട്. സാവേജ് എക്‌സ് ഫെന്റിക്ക് അഞ്ച് റീറ്റെയ്ല്‍ സ്റ്റോറുമുണ്ട്.

ലോകത്തിലെ അതിസമ്പന്ന വനിതാ എന്റടെയ്‌നര്‍ ഓപ്ര വിന്‍ഫ്രിയ്്ക്ക് തൊട്ടുപിന്നിലായാണ് ഫോര്‍ബ്‌സ് പട്ടിക പ്രകാരം റിഹാനയുടെ സ്ഥാനം. റിഹാനയുടെ സമ്പത്തില്‍ വലിയ പങ്കും സംഭാവന ചെയ്യുന്നത് അവരുടെ ബിസിനസ് സംരംഭങ്ങളാണ്.

സോഷ്യല്‍ മീഡിയയിലെ ആരാധകവൃന്ദത്തെ ബ്യൂട്ടി ബ്രാന്‍ഡ് വളര്‍ത്താന്‍ ബുദ്ധിപൂര്‍വ്വം വിനിയോഗിച്ച സെലിബ്രിറ്റികളുടെ നിരയിലാണ് റിഹാനയുടെ സ്ഥാനവും.


Dhanam News Desk
Dhanam News Desk  
Next Story
Share it