ഇന്ത്യയുമായുള്ള ആയുധ കരാര്‍ അനാവശ്യമെന്ന് ബെര്‍ണി സാന്‍ഡേഴ്സ്

​ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി രംഗത്തുള്ള സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്. യുദ്ധ മോഹം പെരുപ്പിക്കുന്നതിനു പകരം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് യുഎസ് - ഇന്ത്യാ പങ്കാളിത്തമുറപ്പിക്കുകയാണാശ്യമെന്ന് സാന്‍ഡേഴ്സ് പറഞ്ഞു.

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ട്രംപ് അമേരിക്കയുമായി 3 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പ്രതിരോധ വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് നെവാഡ, ന്യൂ ഹാംഷെയര്‍ പ്രൈമറി നേടി അയോവയില്‍ സമനിലയിലെത്തിയ സാന്‍ഡേഴ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നടത്തിയ ആദ്യ പ്രസ്താവനയാണിത്.

റേതയോണ്‍, ബോയിംഗ്, ലോക്ക്ഹീഡ് കമ്പനികളെ സമ്പന്നമാക്കുന്നതിന് 3 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ വില്‍ക്കുകയല്ല പ്രധാന കാര്യം. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് അമേരിക്കയും ഇന്ത്യയുമായുള്ള പങ്കാളിത്തമാണ് മുഖ്യം - സാന്‍ഡേഴ്സ് ട്വീറ്റ് ചെയ്തു.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയ്ക്ക് ആയുധങ്ങളും ആയുധങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ മുന്‍ വൈറ്റ് ഹൗസ് ഉന്നതോദ്യോഗസ്ഥന്‍ ജോഷ്വ വൈറ്റ് ന്യായീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നീക്കങ്ങള്‍ക്കും ഹരിത സാങ്കേതിക സഹകരണത്തിനും ഇന്ത്യയുമായി അമേരിക്ക ഇപ്പോള്‍ തന്നെ മികച്ച സഹകരണത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനു പുറമേയാണ് സുരക്ഷാ രംഗത്തെ സഹകരണവും ആയുധ വില്‍പ്പനയും മുന്നോട്ട് പോകുന്നത്. രണ്ടും ശക്തമായ, മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തത്തിന്റെ ഭാഗമാകുമെന്ന് ഞാന്‍ കരുതുന്നു-ജോഷ്വ വൈറ്റ് പറഞ്ഞു.

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് അന്തരീക്ഷം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്കുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശ്വസിക്കുന്നത്. അതനുസരിച്ച് 2016 ല്‍ യുഎസ് ഇന്ത്യയെ ഒരു പ്രധാന പ്രതിരോധ പങ്കാളിയായി നിയമിച്ചു. ഒരു ദശകത്തിനിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം പൂജ്യത്തിനടുത്ത് നിന്ന് 20 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.

എംഎച്ച് -60 ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകള്‍ (2.6 ബില്യണ്‍ ഡോളര്‍), അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ (2.3 ബില്യണ്‍ ഡോളര്‍), പി -8 ഐ മാരിടൈം പട്രോളിംഗ് വിമാനം (3 ബില്യണ്‍ ഡോളര്‍), എം 777 ഹോവിറ്റ്സര്‍ (737 ദശലക്ഷം ഡോളര്‍) എന്നിവയാണ് യു എസ് കോണ്‍ഗ്രസിനു മുന്നില്‍ അംഗീകാരത്തിനെത്തിയ പ്രധാന സൈനിക വില്‍പ്പനാ ഇടപാടുകള്‍.ജനറല്‍ ആറ്റോമിക്‌സ് നിര്‍മ്മിക്കുന്ന മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം കാറ്റഗറി -1 ആളില്ലാ ഏരിയല്‍ സിസ്റ്റം സീ സീ ഗാര്‍ഡിയന്‍ യുഎഎസ് വാഗ്ദാനം ചെയ്യപ്പെട്ട ആദ്യത്തെ ഉടമ്പടി ഇതര പങ്കാളിയാണ് ഇന്ത്യ.

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ് -21, ബോയിംഗ് എഫ് / എ -18 എന്നീ രണ്ട് യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു വില്‍ക്കുന്നതിലും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുകൂല നിലപാടാണെടു ത്തിട്ടുള്ളത്. ഇന്ത്യയുടെ സൈനിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ സംയുക്ത സുരക്ഷാ താല്‍പ്പര്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ഈ നടപടികള്‍ സഹായകമാകുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാദിക്കുന്നു. വിമാനം, ഇലക്ട്രോണിക്‌സ്, ഗ്യാസ് ടര്‍ബൈന്‍ എഞ്ചിനുകള്‍ എന്നിവയാണ് ഇപ്രകാരം ഇന്ത്യക്കു ലഭ്യമാവുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it