ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണയില്‍ വറുത്ത ഭക്ഷണം അരുതെന്ന് സൗദി

ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ഈവര്‍ഷം രാജ്യത്ത് നിരോധിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ.തൗഫിക് അല്‍ റബിയ. ചീത്ത കൊളസ്‌ട്രോള്‍ ഇത്തരം എണ്ണ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് നിരോധിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

2016 മുതല്‍ രാജ്യത്തുടനീളമുള്ള കാര്‍ഡിയാക് സെന്ററുകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. അതുപോലെ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട കത്തീറ്ററൈസേഷനുകളും കുതിച്ചുയര്‍ന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.ഉയര്‍ന്ന കൊളസ്‌ട്രോള്‍, ധമനികളിലെ തടസ്സം, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്ന 'ട്രാന്‍സ് ഫാറ്റ്‌സ്' വിഭാഗത്തിലെ ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണയുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൈഡ്രോജനേറ്റ് ചെയ്യാത്ത ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കാനാണ് സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം.

കൂടുതല്‍ കാലം കേടാകാതിരിക്കാന്‍ 400 ഡിഗ്രിയില്‍ താഴെ എട്ട് മണിക്കൂര്‍ വരെ എണ്ണ ചൂടാക്കി വിറ്റാമിനുകളും പോഷകങ്ങളും നീക്കിയാണ് ഹൈഡ്രോജനേറ്റഡ് ഓയില്‍ ഉണ്ടാക്കുന്നത്. ഒലിവ്, സൂര്യകാന്തി, സോയ ബീന്‍സ് തുടങ്ങിയ സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത എണ്ണകളുടെ രാസഘടന ഹൈഡ്രജന്‍ കണികകള്‍ ചേര്‍ത്ത് മാറ്റിയെടുക്കുന്നു.പ്രോസസ് ചെയ്ത മിക്ക ഭക്ഷണങ്ങളിലും ഹൈഡ്രോജനേറ്റഡ് ഓയില്‍ ഉപയോഗിക്കുന്നുണ്ട്.

ഇത്തരം എണ്ണകളുടെ ഉപയോഗം ഒഴിവാക്കണമെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ഭക്ഷ്യ ഇറക്കുമതിക്കാരോടും നിര്‍മ്മാതാക്കളോടും അഭ്യര്‍ത്ഥിച്ചിരുന്നു. അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നിട്ടും കുറഞ്ഞ വിലയും ദീര്‍ഘായുസ്സും മുന്‍നിര്‍ത്തിയാണ് പല കമ്പനികളും ഇതുപയോഗിക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.പല രാജ്യങ്ങളും ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുന്നുണ്ടെങ്കിലും ടിന്നിലടച്ച ഭക്ഷണങ്ങളില്‍ ഇത് ഇപ്പോഴും വ്യാപകമാണ്.

ആഗോളാടിസ്ഥാനത്തില്‍ പൊണ്ണത്തടി നിരക്ക് 1975 മുതല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു, പ്രത്യേകിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമടയില്‍. പ്രമേഹരോഗികളുടെ എണ്ണം 1980 ലെ 108 ദശലക്ഷത്തില്‍ നിന്ന് 2014 ല്‍ 422 ദശ ലക്ഷമായി ഉയര്‍ന്നു.ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണയ്ക്ക് ഇതിലെല്ലാം നലിയ പങ്കുള്ളതായി സൗദി കരുതുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it