സൗദി സ്വദേശിവൽ​ക്കരണം മൂന്നാംഘട്ടത്തിലേക്ക്, ഇന്നുമുതൽ കർശന പരിശോധന

സൗദിയിൽ മൂന്നാംഘട്ട സ്വദേശിവൽക്കരണം ഇന്ന് മുതൽ ആരംഭിച്ചു. റീറ്റെയ്ൽ മേഖല ഉൾപ്പെടെ അഞ്ച് പ്രധാന തൊഴിൽ മേഖലകളിലാണ് സ്വദേശിവൽക്കരണം.

മെഡിക്കൽ സാമഗ്രികൾ, ഉപകരണങ്ങൾ, കെട്ടിട നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർട്ടുകൾ​, കാർപ്പെറ്റുകൾ, ബേക്കറി ഉല്പന്നങ്ങൾ എന്നിവ വിൽപന നടത്തുന്ന സ്​ഥാപനങ്ങളാണ്​ മൂന്നാം ഘട്ടത്തിലുൾപ്പെടുക​. പലഘട്ടങ്ങളിലായി 12 മേഖലകളിലായാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്.

സെപ്റ്റംബർ 11 ന് തുടങ്ങിയ ആദ്യഘട്ടത്തിൽ ഓട്ടോമൊബൈൽ, മോട്ടോർ ബൈക്ക്​ ഷോറൂമുകൾ, റെഡിമെയ്​ഡ്​ വസ്​ത്ര കടകൾ, ഹോം ആൻറ്​ ഫർണിച്ചർ വിൽപന സ്​ഥാപനങ്ങൾ എന്നിവയിലും
നവംബര്‍ 10 ന് ആരംഭിച്ച രണ്ടാംഘട്ടത്തിൽ ഇലക്​ട്രിക്കൽ, ഇലട്രോണികസ്​ ഉപകരണങ്ങൾ, വാച്ച്​, കണ്ണട സ്​ഥാപനങ്ങളിലുമാണ്​ സ്വദേശീവൽക്കരണം നടപ്പിലാക്കിയത്​.

ഇപ്പോള്‍ സൗദിയിലെ മൊത്തവ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന 70.5 ശതമാനം തൊഴിലാളികളും വിദേശീയരാണ്. 2018ന്റെ ആദ്യപാദത്തില്‍ 36,379 സ്ഥാപനങ്ങളിലായി ആകെ 241076 തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇതില്‍ 170026 പേര്‍ വിദേശീയരാണ്. 71050 പേര്‍ മാത്രമാണ് സൗദി പൗരന്മാരായുള്ളത്. ആകെ തൊഴിലാളികളില്‍ 99 ശതമാനവും (238251) പുരുഷന്മാരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സൗദി വ്യാപാര മേഖലയിലെ വിദേശികളായുള്ള 170026 തൊഴിലാളികളില്‍ ഭൂരിഭാഗവും മലയാളികളാണെന്നതാണ് കേരളത്തിനുണ്ടാകുന്ന വലിയൊരു തിരിച്ചടി. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കപ്പെടുന്നതോടെ ഇവരില്‍ ഭൂരിഭാഗത്തിനും കേരളത്തിലേക്ക് മടങ്ങേണ്ടിവരും.

സൗദി പൗരന്മാര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കേണ്ടി വരുമെന്നതിനാല്‍ ഇപ്പോള്‍ തന്നെ മലയാളികള്‍ കടകള്‍ കൈയൊഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവരെക്കാള്‍ ഇരട്ടിയിലധികം ആയിരിക്കും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന മലയാളികളുടെ എണ്ണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it