ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശം ഉറപ്പാക്കി സുപ്രീം കോടതി വിധി

ബി-നിലവറ തുറക്കുന്ന കാര്യം ഭരണസമിതിക്ക് തീരുമാനിക്കാം

SC upholds right of Royal Family in administration of Padmanabha Swamy Temple
-Ad-

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് നിബന്ധനകളോടെയുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

അമൂല്യ നിധികളുടെ നിലവറയുള്‍ക്കൊള്ളുന്ന ക്ഷേത്രത്തിന്റെ ഭരണച്ചുമതലകളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി 2011 ല്‍ പുറപ്പെടുവിച്ച വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി അംഗീകരിച്ചു.ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്‍കി. പുതുതായി ഭരണസമിതി രൂപവത്കരിക്കുന്നിടം വരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയര്‍ പേഴ്സണ്‍ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതിക്ക് തീരുമാനിക്കാം.

-Ad-

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു 2011 ലെ കേരള ഹൈക്കോടതി വിധി. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.ക്ഷേത്രത്തിലെ വിവിധ നിലവറകളില്‍ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാല്‍ പ്രത്യേകതകളുള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠയ്ക്ക്  അവകാശപ്പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.

പദ്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹര്‍ജികള്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്.

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറു നിലവറകളാണ്. എ,ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ,എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി,ഡി നിലവറകളില്‍ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നവ ആണ്.ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുണ്ട്. എ നിലവറയില്‍ കണക്കെടുത്തപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്‌നങ്ങള്‍, സ്വര്‍ണവിഗ്രഹങ്ങള്‍ എന്നിവ എ നിലവറയില്‍നിന്ന് കണ്ടെത്തിയിരുന്നു.  ബി നിലവറയിലെ അമൂല്യ വെള്ളിശേഖരത്തില്‍ നിന്നെടുത്താണ് ക്ഷേത്രത്തിലെ, തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളിപൂശിയതെന്ന വാദം രാജകുടുംബം നിഷേധിച്ചിട്ടുണ്ട്. ബി നിലവറ വിവിധ ഘട്ടങ്ങളില്‍ തുറന്നിട്ടുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്.

2012 ല്‍ ഗോപാല്‍ സുബ്രമണ്യത്തിനെ പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ ജസ്റ്റിസുമാരായ ആര്‍.എം.ലോധ, എ.കെ.പട്നായിക് എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് അമിക്കസ്‌ക്യൂറി ആയി നിയമിച്ചു.2015 ഫെബ്രുവരിയില്‍ ഗോപാല്‍ സുബ്രമണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 575 പേജ് ഉള്ള റിപ്പോര്‍ട്ടില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 266 കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. വിവിധ ഘട്ടങ്ങളില്‍ ക്ഷേത്രത്തിന്റെ നിലവറകളില്‍നിന്ന് എടുത്ത സ്വര്‍ണ്ണം തിരികെ വച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശ അനുസരിച്ച് താത്കാലിക ഭരണസമിതിയെയും കോടതി നിയമിച്ചിരുന്നു.എന്നാല്‍ 2018 നവംബര്‍ 25ന് പത്മനാഭസ്വാമി ക്ഷേത്രം കേസിലെ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് ഒഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിക്ക് കത്ത് നല്‍കി. കോടതി ഈ ആവശ്യം അംഗീകരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here