ഓക്‌സ്ഫോര്‍ഡിലെ വാക്‌സിന്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ പൂനെ സെറം ഇന്‍സ്റ്റിററ്യൂട്ട്

ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ഉല്‍പ്പാദനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കാന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ സംബന്ധിച്ച തുടര്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് യു.കെയിലെ ഗവേഷകരുമായി ഇതിനകം പങ്കാളിത്തം സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനി അറിയിച്ചു.

ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തില്‍ വാക്‌സിന് മികച്ച പ്രതികരണങ്ങളുണ്ടായതില്‍ ലോകമെമ്പാടും പ്രതീക്ഷയുണര്‍ന്നിട്ടുണ്ട്. വാക്സിന്‍ നല്‍കിയവരില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം അനുകൂലമായിട്ടുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

പരീക്ഷണം നടത്തിയവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ട്രയല്‍ ഫലങ്ങള്‍ പറയുന്നു. വാക്‌സിന്‍ ചെറിയ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായെങ്കിലും, പാരസെറ്റമോള്‍ കഴിക്കുന്നതിലൂടെ ഇവയില്‍ ചിലത് കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു.

'പരീക്ഷണങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. അതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്'-ഓക്‌സ്ഫോര്‍ഡ് ഗവേഷകരുമായി പങ്കാളിത്തമുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ മേധാവി അദര്‍ പൂനാവല പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ ഇന്ത്യയിലെ ലൈസന്‍സര്‍ ട്രയലുകള്‍ക്കായി അപേക്ഷിക്കും.അനുമതി കിട്ടിയാലുടന്‍, ഇന്ത്യയിലെ വാക്്‌സിന്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും. കൂടാതെ, ഉടന്‍ തന്നെ വാക്‌സിന്‍ വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിക്കും- പൂനാവല കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, കൊറോണ പ്രതിരോധത്തിന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഐസിഎംആറിന്റെ കീഴിലുള്ള കൊവാക്സിന്‍ പരീക്ഷണം എയിംസ് ഉല്‍പ്പെടെ പതിനൊന്ന് ആശുപത്രികളില്‍ നടന്നുവരുന്നുണ്ട്. ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് ഐസിഎം ആര്‍ മേല്‍നോട്ടത്തില്‍ വാക്സിന്‍ വികസിപ്പിക്കുന്നത്. ന്യൂഡല്‍ഹിലെയും പാറ്റ്‌നയിലെയും എയിംസും, റോത്തക്കിലെ പി ജിഎയും മനുഷ്യരില്‍ വാക്സിന്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

പരീക്ഷണത്തിനായി തയ്യാറായി വന്നവരില്‍ ചിലര്‍ക്ക് യഥാര്‍ത്ഥ വാക്‌സിനും മറ്റുള്ളവര്‍ക്ക് 'പ്ലാസിബോ' ( സലൈന്‍ ലായനി പോലുള്ള നിര്‍വീര്യ ദ്രാവകങ്ങള്‍ )യുമാണ് നല്‍കിയത്. ഇങ്ങനെ വാക്സിന്‍ നല്‍കുമ്പോള്‍ ആര്‍ക്കാണ് യഥാര്‍ത്ഥ വാക്സിന്‍ നല്‍കിയതെന്ന് ഗവേഷകര്‍ക്കും വാളണ്ടറിയന്‍മാര്‍ക്കും അറിയാന്‍ സാധിക്കില്ല. ഇതിന് ഡബിള്‍ ട്രയല്‍ എന്നാണ് പറയുക. ആദ്യ ഘട്ടത്തില്‍ പരീക്ഷണത്തിന് വിധേയരാകുന്ന 375 പേരില്‍ ഏകദേശം നൂറ് പേരുടെ നിരീക്ഷണം ഡല്‍ഹിയിലെ എയിംസിലാകും നടത്തുക.

മനുഷ്യരില്‍ വാക്സിന്‍ പരീക്ഷണം വിജയിച്ചാല്‍ വളരെ വേഗത്തില്‍ തന്നെ വാക്സിന്‍ ജനങ്ങള്‍ക്കായി വിപണിയിലെത്തിക്കാനാണ് തീരുമാനം. മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസിന്റെ എത്തിക്കല്‍ കമ്മറ്റിയും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും അനുമതി നല്‍കിയിരുന്നു. കൊറോണ രോഗം പടര്‍ത്തുന്ന സാര്‍സ് കോവ്-2 എന്ന വൈറസില്‍ നിന്നും വേര്‍തിരിച്ചെടുത്തതാണ് കൊവാക്സിന്‍. ഈ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചാല്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുമെന്നും അതുവഴി വൈറസിനെ തുരത്താന്‍ സാധിക്കുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it