മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി

വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ലോണ്‍ പ്രിവന്‍ഷന്‍ ആക്റ്റ് (പിഎംഎല്‍എ) കോടതിയാണ് എസ്.ബി.ഐ അടക്കം വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കിയത്.

മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യുന്നതില്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.അതേസമയം, വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ മല്യക്ക് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചു.

പിടിച്ചെടുത്ത ആസ്തികളില്‍ പ്രധാനമായും ഓഹരി പോലുള്ള സാമ്പത്തിക സെക്യൂരിറ്റികളാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രത്യേക പി.എം.എല്‍.എ കോടതിയെ അറിയിച്ചിരുന്നു.

വായ്പാ നല്‍കിയ 6,203.35 കോടി രൂപ 2013 മുതല്‍ പ്രതിവര്‍ഷം 11.5 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കാനായി ആസ്തികള്‍ ലേലം ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിന് പ്രത്യേക പി.എം.എല്‍.എ കോടതി മല്യയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 2016 മാര്‍ച്ചില്‍ രാജ്യംവിട്ട 64 കാരനായ മുന്‍ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ ബ്രിട്ടനിലാണ് അഭയം പ്രാപിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍, 9,000 കോടി രൂപ തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യ കൈമാറിയ രേഖകള്‍ പ്രകാരം കോടതി ഉത്തരവായതനുസരിച്ച് 2017 ഏപ്രിലില്‍ ലണ്ടനില്‍ മല്യ അറസ്റ്റിലായെങ്കിലും പിന്നീടു ജാമ്യം ലഭിച്ചു. ലണ്ടനിലെ റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഇതു സംബന്ധിച്ച അദ്ദേഹത്തിന്റെ അപ്പീല്‍ അടുത്ത മാസം പരിഗണിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it