ചെറുകിട വ്യവസായത്തിനും വിപണിക്കും ഉത്തേജനമേകി റിസര്‍വ് ബാങ്ക് പദ്ധതി

കോവിഡ് പ്രതിസന്ധി മൂലം തളര്‍ച്ചയിലായ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് ആശ്വാസമേകാനും വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള ഉത്തേജക പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്. ഇതിനായി ബാങ്കുകള്‍ക്ക് 50,000 കോടി നല്‍കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതിന്റെ പകുതിയെങ്കിലും എം എസ് എം ഇ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഇതു കൂടാതെ നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്ക് 50,000 കോടി നല്‍കും. ബാങ്കിങ് ഇതര, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഈ തുക ലഭ്യമാക്കും.നബാര്‍ഡ് ( 25,000 കോടി), സിഡ്ബി (15,000 കോടി രൂപ), എന്‍എച്ച്ബി (10,000 കോടി രൂപ) എന്നിങ്ങനെ നല്‍കുന്ന തുക റീഫിനാന്‍സ് സൗകര്യം ലക്ഷ്യമാക്കിയാണ്.

ലോക് ഔട്ട് പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് രീതിയില്‍ 60% കൂടുതല്‍ ഫണ്ട് നല്‍കും.വാണിജ്യബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശനിരക്കായ റിവേഴ്‌സ് റിപ്പോ നിരക്ക് 4.0 ശതമാനത്തില്‍ നിന്നു കാല്‍ ശതമാനം കുറച്ച് 3.75 ശതമാനമാക്കി. വിപണിയില്‍ പണ ലഭ്യത കൂടുതല്‍ ഉറപ്പു വരുത്തുന്ന നടപടിയാണിത്. അതേസമയം റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. ബാങ്കുകളും സഹകരണ ബാങ്കുകളും ലാഭവിഹിതം നല്‍കരുതെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ സമയത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്.എടിഎമ്മുകള്‍ 91% ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. സമ്പദ് മേഖലയില്‍ ദ്രവ്യത നിലനിര്‍ത്തുക, ബാങ്ക് ക്രെഡിറ്റ് ഒഴുക്ക് സുഗമമാക്കുക, സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുക, മാര്‍ക്കറ്റുകളെ സാധാരണ പ്രവര്‍ത്തനത്തിനു പ്രാപ്തമാക്കുക എന്നീ കാര്യങ്ങളില്‍ ആര്‍ ബി ഐ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്.പണപ്പെരുപ്പം കുറഞ്ഞുവരുന്നുണ്ട്. പ്രതിസന്ധികള്‍ പരിഹരിച്ചു തിരിച്ചുവരും.

ഈ സാമ്പത്തിക വര്‍ഷം 1.9% വളര്‍ച്ചാനിരക്ക് ഇന്ത്യ നിലനിര്‍ത്തിയേക്കും.ജി20 രാജ്യങ്ങളില്‍ ഏറ്റവും മികച്ച വളര്‍ച്ച ഇന്ത്യയുടേതാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 2021- 22ല്‍ 7.4% വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത സാമ്പത്തിക മാന്ദ്യത്തെയാവും രാജ്യങ്ങള്‍ നേരിടേണ്ടി വരികയെന്നു ഏപ്രില്‍ 14നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യം ആര്‍ബിഐ പരിശോധിച്ചു വരികയാണ്. 2008-09നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിപ്പോഴത്തേത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 34.6ശതമാനം താഴ്ന്നു. ലോക്ഡൗണ്‍ കാലയളവില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗം 30% കുറഞ്ഞു.മൂന്നു മാസത്തെ വായ്പാ തിരിച്ചടവ് മോറട്ടോറിയം മൂലം എന്‍ പി എ വര്‍ദ്ധിക്കാനിടയാകാതിരിക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 25 ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം രണ്ടാം തവണ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സമ്പദ് മേഖല പൊതുവേ സ്വാഗതം ചെയ്തതായാണ് സൂചന. ഓഹരി വിപണിയില്‍ സൂചികകള്‍ മെച്ചപ്പെട്ടു. അതേസമയം കൂടുതല്‍ വലിയ പാക്കേജ് പ്രതീക്ഷിച്ചതായുള്ള പ്രതികരണവും ഉയരുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it