അദാനി കമ്പനികളുടെ നഷ്ടം കുറച്ചത് ആ ഒരു പ്രസ്താവന

കഴിഞ്ഞദിവസം ഓഹരി വിപണിയില്‍ ഏറെ നഷ്ടം നേരിട്ട കമ്പനികളായിരുന്ന അദാനി ഗ്രൂപ്പിന്റേത്. മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുള്ള 43,500 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ എന്നിവയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞത്. രാജ്യത്ത് അതിവേഗത്തില്‍ സമ്പത്ത് വളര്‍ത്തിയെടുത്ത അദാനിക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത് 730 കോടി ഡോളറായിരുന്നു.

എന്നാല്‍ ഇതിനേക്കാള്‍ വലിയ നഷ്ടം അദാനി ഗ്രൂപ്പിന് സംഭവിക്കുമായിരുന്നെന്നും അത് തടഞ്ഞുനിര്‍ത്തിയത് എന്‍എസ്ഡിഎല്ലിന്റെ പ്രസ്താവനയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിദേശ നിക്ഷേപകരുടെ ഫണ്ടുകള്‍ എന്‍എസ്ഡിഎല്‍ മരവിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അത് അവാസ്തവമാണെന്ന് വ്യക്തമാക്കി എന്‍എസ്ഡിഎല്‍ പ്രസ്താവന പുറത്തിറക്കിയത്. ഇതിലൂടെ 500 ദശലക്ഷം ഡോളറിന്റെ ഓഹരി വിറ്റഴിക്കലാണ്‌ അദാനി ഗ്രൂപ്പിന് ഒഴിവായത്. ആഭ്യന്തര ഓഹരികളിലെ വിദേശ നിക്ഷേപകരുടെ (എഫ്പിഐ) നിക്ഷേപം നിരീക്ഷിക്കുന്നതിനുള്ള ചുമതലയുള്ള നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി (എന്‍എസ്ഡിഎല്‍) ഈ നടപടി അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിലെ മുന്‍നിര നിക്ഷേപകരെ ആക്ടീവായി നിലനിര്‍ത്താനും ഷെയറുകളുടെ 500 മില്യണ്‍ ഡോളര്‍ വില്‍പന തടയാനും സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it