ബജറ്റില്‍ പെന്‍ഷന്‍ പ്രായം 58 ആക്കുമോ? സര്‍ക്കാര്‍ ഓഫീസുകളില്‍ ചര്‍ച്ച

രണ്ട് വര്‍ഷത്തിനകം വിരമിക്കാനിരിക്കുന്ന 20,000 ജീവനക്കാര്‍ പ്രതീക്ഷയില്‍

retirement
-Ad-

ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബജറ്റിലൂടെ സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസാക്കി ഉയര്‍ത്തുമോയെന്ന അനൗപചാരിക ചര്‍ച്ച സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപകം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുന്ന 20,000 ജീവനക്കാര്‍ ഇതേച്ചൊല്ലി വലിയ പ്രതീക്ഷയിലാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നേരിയൊരാശ്വാസമേകാന്‍ ഉതകുന്ന ഈ നിര്‍ദ്ദേശത്തോട് സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കിലും യുവജന പ്രസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുവരുമെന്നതാണ്  ധനമന്ത്രി അഭിമുഖീകരിക്കുന്ന മുഖ്യ പ്രതിബന്ധം. സര്‍ക്കാരിനെതിരെ സമരങ്ങളുടെ പെരുമഴ തന്നെയുണ്ടാകാം. എങ്കിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും പിന്തുണ സര്‍ക്കാരിന് ലഭിക്കുമെന്ന വാദവും ഉയരുന്നുണ്ട്.

ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 58 ആക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പബ്‌ളിക് എക്‌സ്പെന്‍ഡിച്ചര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടമായി 60 ആക്കണമെന്ന അഭിപ്രായം വി എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷനും മുന്നോട്ടുവച്ചിരുന്നു.

-Ad-

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 1998 ല്‍ 60 വയസ്സായി ഉയര്‍ത്തിയപ്പോള്‍ തന്നെ അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാള്‍ ഉള്‍പ്പെടെ പതിനൊന്നു സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസാക്കി. കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന മെഡിക്കല്‍ കോളേജധ്യാപകര്‍, ജഡ്ജിമാര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍ പ്രായം വര്‍ഷങ്ങള്‍ക്ക് മുമ്പ് 60 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 വയസാണ്.

ഒരു വീട്ടില്‍ താമസിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥരായ സഹോദരങ്ങള്‍ അല്ലെങ്കില്‍ ഭാര്യാ ഭര്‍ത്താക്കന്മാരില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ 60 വയസിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരമല്ലേയെന്ന ചോദ്യം സംഘടനകള്‍ ഉയര്‍ത്തുന്നു. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം 60 വയസാണ്.

ഫുള്‍ സര്‍വീസുള്ള താഴ്ന്ന വിഭാഗത്തിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന് ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ 20 ലക്ഷം രൂപ വേണ്ടി വരും. ഉയര്‍ന്ന തസ്തികയില്‍ വിരമിക്കുന്നവര്‍ക്ക് നല്‍കാന്‍ 50 ലക്ഷവും വേണം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 ജീവനക്കാര്‍ സംസ്ഥാന സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇത്രയും തുക നല്‍കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനാവില്ല.അതിനെ മറികടക്കാനുള്ള ഏക വഴി പെന്‍ഷന്‍ പ്രായം കൂട്ടുകയാണെന്നാണ് നിഗമനം.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനം. ശമ്പളവും പെന്‍ഷനും മാത്രമാണ് ട്രഷറിയില്‍ നിന്ന് കഴിഞ്ഞ രണ്ട് മാസമായി മാറിപ്പോന്നത്. കരാറുകാരുടെ ബില്ലുകളൊന്നും മാറിയിരുന്നില്ല. 30 ശതമാനം നികുതി വളര്‍ച്ച കഴിഞ്ഞ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും 14 ശതമാനം മാത്രമാണ് കൈവരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 30,000 കോടിയുടെ നികുതി കുടുശികയായുണ്ട്്. ഇതാണ് സംസ്ഥാനത്ത് ഇത്രയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനിടയാക്കിയതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ തത്കാലം ജീവനക്കാര്‍ വിരമിക്കുമ്പോള്‍ നല്‍കേണ്ട ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഇതില്ലാതെ ഇപ്പോള്‍ നടക്കുന്ന രീതിയില്‍ മുന്നോട്ട് പാേയാല്‍ സംസ്ഥാനം വീണ്ടും കടുത്ത ഞെരുക്കത്തിലാകും. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെയും ഒന്നര വര്‍ഷം കഴിയുമ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടാന്‍ ഇതൊരു പോംവഴിയാകുമെന്നും വിലയിരുത്തലുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here