ഗൂഗിളിന്റെ പരസ്യവരുമാന കൊള്ളക്കെതിരെ മാധ്യമ ലോകം

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിവര്‍ത്തനം കൊണ്ട്് ഏറ്റവുമധികം സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക് എന്നീ ആഗോള ടെക്‌നോളജി പ്ലാറ്റ്‌ഫോം ഭീമന്‍മാരാണ്. പ്രിന്റ് മീഡിയ വന്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഡിജിറ്റല്‍ മീഡിയയില്‍ കേന്ദ്രീകരിച്ച് പിടിച്ചു നില്‍ക്കാണ് ആഗോള തലത്തില്‍ തന്നെ പ്രസാധകര്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കേണ്ട പരസ്യവരുമാനത്തില്‍ ഏറിയ പങ്കും ഗൂഗിളും യൂട്യൂബും ഫേസ്ബുക്കുമൊക്കെ ചോര്‍ത്തിക്കൊണ്ടുപോകുന്നത് നിസ്സഹായരായി ഇനിയും നോക്കി നില്‍ക്കാന്‍ പ്രസാധകര്‍ തയ്യാറല്ല. പരസ്യവരുമാനത്തില്‍ മാന്യമായ പങ്ക് തങ്ങള്‍ക്ക് ലഭിക്കണമെന്ന് ലോകമെങ്ങുമുള്ള പബ്ലിഷര്‍മാര്‍ ആവശ്യമുയര്‍ത്തുകയാണ്. ഇന്ത്യന്‍ പബ്ലിഷര്‍മാരും ഈ ആവശ്യവുമായി ശക്തമായി രംഗത്തുവന്നു കഴിഞ്ഞു.

ഓസ്‌ട്രേലിയയിലെ മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനത്തില്‍ ന്യായമായ വിവിതം ടെക്‌നോളജി കമ്പനികള്‍ ഉറപ്പുവരുത്തുന്നതിന് സഹായിക്കുന്ന ഒരു മീഡിയ ബാര്‍ഗൈനിംഗ് ലോ ഓസ്‌ട്രോലിയന്‍ പാര്‍ലമെന്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ പാസാക്കിയതോടെയാണ് മറ്റു രാജ്യങ്ങളും വിഷയം ഏറ്റെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ നിയമനിര്‍മാണത്തോട് ഫേസ്ബുക്ക് ആദ്യം പ്രതികരിച്ചത് ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ കാണുന്നതില്‍ നിന്ന് ഓസ്‌ട്രേലിയന്‍ യൂസര്‍മാരെ വിലക്കുമെന്ന പ്രഖ്യാപനത്തോടെയാണ്. എന്നാല്‍ ഉടന്‍ തന്നെ ഫേസ്ബുക്ക് ഈ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഗൂഗിള്‍ ആകട്ടെ പരസ്യവരുമാനം പബ്ലിഷര്‍മാരുമായി പങ്കുവെക്കുന്നതിനുള്ള ഒരു സംവിധാനമുണ്ടാക്കാന്‍ സന്നദ്ധമായി. റൂപര്‍ട്ട് മര്‍ഡോക് ന്യൂസ് കോര്‍പറേഷന്‍ പോലുള്ള പ്രസാധകരുമായി അവര്‍ കരാറിന് തയ്യാറാകുകയും ചെയ്തു.

ഇതിന്റെ ചുവടു പിടിച്ച് ഇന്ത്യയും അമേരിക്കയും ഫ്രാന്‍സും യൂറോപ്പും അടക്കമുള്ള രാജ്യങ്ങളിലെ പ്രസാധകര്‍ ഗൂഗിളുമായി പരസ്യവരുമാനം പങ്കുവെക്കുന്നതിന് കരാറുണ്ടാക്കാനുള്ള സാധ്യത ആരായുകയാണ്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയാണ് (ഐ എന്‍ എ) ഡിജിറ്റല്‍ കണ്ടന്റിന് ലഭിക്കുന്ന പരസ്യ വരുമാനത്തിന്റെ അര്‍ഹമായ വിഹിതം ലഭ്യമാക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. ഇപ്പോള്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും(എന്‍ ബി എ) ഗൂഗിളിനോട് പരസ്യവരുമാനത്തിന്റെ ന്യായമായ വിഹിതം ആവശ്യപ്പെട്ടിരിക്കുന്നു.

വായനാശീലത്തില്‍ ലോകമാകെ മാറ്റം സംഭവിച്ചതോടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയാണ് വായനക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത് എന്നതിനാല്‍ മാധ്യമ പ്രസാധകരും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കമ്പനികളും തമ്മില്‍ വ്യക്തമായ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകേണ്ടതിന്റെ അനിവാര്യത ഉരുത്തിരിഞ്ഞിരിക്കുകയാണെന്ന് ടെക് കമ്പനികള്‍ക്കെഴുതിയ കത്തില്‍ എന്‍ ബി എ പ്രസിഡണ്ട് രജത് ശര്‍മ ചൂണ്ടിക്കാണിക്കുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ വലിയ തോതിലുള്ള നിക്ഷേപത്തിന്റെ ബാധ്യതയിലാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍, അവതാരകര്‍, എഡിറ്റോറിയല്‍ സ്റ്റാഫ്, റിപ്പോര്‍ട്ടര്‍മാര്‍ തുടങ്ങിയര്‍ക്കുള്ള ചെലവും സാങ്കേതിക ചെലവുകളുമായി വലിയ തുകയാണ് ഈ വ്യവസായത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. പരസ്യവരുമാനം കൊണ്ട് മാത്രമാണ് മാധ്യമ സ്ഥാപനങ്ങള്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്ന പരസ്യവരുമാനം യാതൊരു മാനദണ്ഡവുമില്ലാതെ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകള്‍ കൊണ്ടു പോകുകയാണ്. വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിക്കുന്നതില്‍ ഗൂഗിള്‍ വഹിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട പങ്കാണെന്നത് അംഗീകരിക്കുമ്പോള്‍ തന്നെ അതിന്റെ ഉള്ളടക്കം സൃഷ്ടിക്കുന്നവര്‍ക്ക് മതിയായ പ്രതിഫലം ലഭ്യമാക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ടെന്ന് രജത് ശര്‍മ പറയുന്നു. പരസ്യവരുമാനം പങ്കിടുന്നതിലെ ന്യായരഹിതമായ സമീപനം ഡജിറ്റല്‍ ന്യൂസ് ബിസിനസിനെ കടുത്ത സമ്മര്‍ദത്തിലാക്കുകയാണ്. പരസ്യവരുമാനത്തിന്റെ വളരെ പരിമിതമായ ഒരു ഷെയര്‍ മാത്രമാണ് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. വലിയ പങ്കും ടെക്‌നോളജി പ്ലാറ്റ്‌ഫോം കമ്പനികള്‍ കൊണ്ടുപോകുകയാണ്. ഇക്കാര്യത്തില്‍ ന്യായയുക്തമായ സമീപനം ഗൂഗിളിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ രാജ്യങ്ങളും ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളുമായി പരസ്യവരുമാനത്തിന്റെ ന്യായമായ പങ്കുവെപ്പിനായി വിലപേശിക്കൊണ്ടിരിക്കുകയാണ്. ടെക്‌നോളജി പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയില്‍ മാധ്യമ സ്ഥാപനങ്ങള്‍ വന്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. പത്രങ്ങള്‍ പൂട്ടിയതു മൂലം കഴിഞ്ഞ വര്‍ഷം 16,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി. അതിന്റെ മുന്‍ വര്‍ഷം 300ലധികം അമേരിക്കന്‍ പത്രസ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. ഇതിന്റെ ഫലമായി അമേരിക്കയില്‍ 1800 സമൂഹങ്ങളില്‍ പ്രാദേശിക റിപ്പോര്‍ട്ടിംഗ് തന്നെ ഇല്ലാതായെന്ന് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ ഹുസ്മാന്‍ സ്‌കൂള്‍ ഓഫ് ജേണലിസം ആന്റ് മീഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it