കോവിഡ് മരണം ജൂണോടെ പ്രതിദിനം 2320 ആകുമെന്ന് പഠനം

ജൂണ്‍ ആദ്യത്തെ ആഴ്ചയോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ഓരോ ദിവസവും 2320 പേര്‍ മരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കോവിഡ് 19 കമ്മീഷന്‍ നടത്തിയ പഠനത്തിലാണിത്. 'Managing India's second COVID-19 wave: Urgent steps' എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ കോവിഡിന്റെ രണ്ടാം തരംഗത്തെ കുറിച്ചുള്ള പഠനമാണ്. രോഗവ്യാപനം തടയുന്നതിനുളള നടപടികളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു.

ഒന്നാം ഘട്ടത്തില്‍ രോഗവ്യാപനം കൂടിയ മേഖലകളില്‍ തന്നെയാണ് രണ്ടാം ഘട്ടവും കൂടുതലായും ഉണ്ടാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളില്‍ കൂടുതല്‍ ആഴങ്ങളിലേക്ക് രോഗം ബാധിച്ചിട്ടുണ്ട്.
നേരത്തെ ആകെ 60-100 ജില്ലകളാണ് രാജ്യത്തെ ആകെ കോവിഡ് കേസുകളിലെയും 75 ശതമാനവും സംഭാവന ചെയ്തിരുന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ 20-40 ജില്ലകളില്‍ മാത്രമായി അത്രയും ശതമാനം രോഗികളുണ്ടെന്ന് പഠനത്തില്‍ വ്യക്തമാകുന്നു.
പുതിയവരിലേക്ക് രോഗം ബാധിക്കുന്ന കാര്യത്തില്‍ രണ്ടാം ഘട്ടമാണ് കൂടുതല്‍ അപകടകാരി. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള 40 ദിവസം കൊണ്ടാണ് 10,000 ത്തില്‍ നിന്ന് 80000 രോഗികളിലേക്ക് എത്തിയത്. ഒന്നാം ഘട്ടത്തില്‍ 83 ദിവസമെടുത്തിരുന്നു. കൊറോണ വൈറസ് ബാധിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും വലിയ തോതില്‍ ലക്ഷണങ്ങള്‍ കാട്ടുന്നിലെന്നതാണ് രണ്ടാം ഘട്ടത്തിന്റെ മറ്റൊരു പ്രത്യേകത.
ഈ വര്‍ഷം സെപ്തംബറോടെ രാജ്യത്തിന് 7.8 ബില്യണ്‍ ഡോളര്‍ പരിശോധനയ്ക്കായും 1.7 ബില്യണ്‍ ഡോളര്‍ ആരോഗ്യ സംരക്ഷണത്തിനായും വിനിയോഗിക്കേണ്ടി വരുമെന്നും പഠനം പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it