ആറു ദശലക്ഷം നഴ്സുമാരുടെ കുറവ് ലോകം നേരിടുന്നുവെന്ന് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്

കൊവിഡ് 19 മഹാമാരിയെ ലോകം നേരിടുമ്പോള്‍ ആറു ദശലക്ഷം നഴ്സുമാരുടെ പോരായ്മ വ്യക്തമാകുന്നതായി ലോകാരോഗ്യ സംഘടന. എല്ലാ രാജ്യങ്ങളിലും ആരോഗ്യ വ്യവസ്ഥയുടെ നട്ടെല്ലാണ് നഴ്സുമാരെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭിപ്രായപ്പെട്ടു.

കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ പകുതിയിലധികം വരുന്ന നഴ്സുമാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നതിനു മുന്നോടിയായി ഡബ്‌ളിയു. എച്ച്. ഒ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നഴ്സിങ് നൗ, ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്സസു(ഐസിഎന്‍)മായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആകെ 28 ദശലക്ഷത്തില്‍ താഴെ നഴ്സുമാരാണ് ലോകത്തുടനീളമായി ഇപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ നഴ്സുമാരുടെ എണ്ണം 4.7 ദശ ലക്ഷം ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴും ആഗോളതലത്തില്‍ 5.9 ദശലക്ഷം പേരുടെ കുറവാണുള്ളത്. ആഫ്രിക്ക, തെക്കു കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്കയിലെ ചില ദരിദ്ര രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ കുറവ് അനുഭവപ്പെടുന്നത്. നഴ്സിങ് മേഖലയിലെ പോരായ്മ തിരിച്ചറിയാനും നഴ്സിങ് വിദ്യാഭ്യാസം, ജോലി, നേതൃത്വം എന്നിവയില്‍ നിക്ഷേപം നടത്താനും റിപ്പോര്‍ട്ട് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

നഴ്സുമാര്‍ കുറവുള്ളിടത്ത് അണുബാധ നിരക്കും മരണനിരക്കും കൂടുതലാണെന്ന് ഐസിഎന്‍ ചീഫ് എക്സിക്യൂട്ടീവ് ഹോവാര്‍ഡ് കാറ്റണ്‍ പറഞ്ഞു. നിലവിലെ നഴ്സിങ് ജീവനക്കാരുടെ ക്ഷാമം കൊറോണ വൈറസ് വിരുദ്ധ പോരാട്ടത്തെ തളര്‍ത്തുന്നുണ്ട്. അതേസമയം, കൊവിഡ് 19 നഴ്സിങിന്റെ മൂല്യത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റാന്‍ സഹായിക്കുമെന്നും കൂടുതല്‍ ആകര്‍ഷകമായ തൊഴിലായി മാറ്റാന്‍ സഹായിക്കുമെന്നും കാറ്റണ്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.സമ്പന്ന രാജ്യങ്ങള്‍ ഫിലിപ്പിന്‍സിലെയും ഇന്ത്യയിലെയും നഴ്സുമാരെ ആശ്രയിക്കുന്നത് ഈ രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വൈറസ് പരിശോധനയില്‍ അടിയന്തര ശ്രദ്ധ വേണമെന്ന് നഴ്സിങ് നൗ റിപ്പോര്‍ട്ടിന്റെ സഹ അധ്യക്ഷയായിരുന്ന മേരി വാട്ട്കിന്‍സ് ആവശ്യപ്പെട്ടു. ലോകത്താകെ നൂറോളം ആരോഗ്യ പ്രവര്‍ത്തകരാണ് മരിച്ചതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അവര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ ഒമ്പത് ശതമാനം ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരാണെന്ന് റിപ്പേര്‍ട്ടുകള്‍ ഉണ്ടെന്നും സ്പെയിനില്‍ 14 ശതമാനം വരെ രോഗബാധിതരയാണെന്നാണ് കേള്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

കൊവിഡ് 19 വന്നപ്പോഴാണ് പല സമ്പന്ന രാജ്യങ്ങളും സ്വന്തം ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായത്ര നഴ്സുമാരെ പരിശീലിപ്പിക്കുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുന്നത്. ഇവര്‍ കുടിയേറ്റത്തെ ആശ്രയിക്കുന്നത് ദരിദ്ര രാജ്യങ്ങളിലെ ക്ഷാമം വര്‍ധിപ്പിക്കുന്നതായും വാറ്റ്കിന്‍സ് പറഞ്ഞു.
നഴ്സിങില്‍ സ്ത്രീകളുടെ ആധിപത്യം നിലനില്‍ക്കുകയാണ്. കൂടുതല്‍ പുരുഷന്മാരെ ഈ മേഖലയില്‍ നിയമിക്കേണ്ടതുണ്ട്. ഏത് തൊഴിലിലും കൂടുതല്‍ പുരുഷന്മാര്‍ ഉള്ളിടത്ത് ശമ്പളവും നിബന്ധനകളും വ്യവസ്ഥകളും മെച്ചപ്പെടുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് വാട്ട്കിന്‍സ് പറഞ്ഞു. കൊവിഡ് 19നെതിരേ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെയും വാട്ട്കിന്‍സ് വിമര്‍ശിച്ചു. പ്രധാനമായും അവരുടെ ജോലിയെക്കുറിച്ചുള്ള അജ്ഞത മൂലമാണിതെന്നും രാജ്യങ്ങള്‍ അവരെ സംരക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും അവര്‍ പറഞ്ഞു.

കൊറോണ വൈറസ് മഹാമാരിയുടെ സമീപകാലത്തുണ്ടായ ദ്രുതഗതിയിലുള്ള വര്‍ധനവും ആഗോള വ്യാപനവും ഏറെ ആശങ്കയുയര്‍ത്തുന്നതായി ഡബ്‌ളിയു.എച്ച്.ഒ ചൂണ്ടിക്കാട്ടി. മരണങ്ങളുടെ എണ്ണം കഴിഞ്ഞ ആഴ്ചയില്‍ ഇരട്ടിയിലധികമായി. അടുത്ത കുറച്ച് ദിവസങ്ങളിലാണ് ഇത്തരത്തില്‍ അതിവേഗ വര്‍ദ്ധനയുണ്ടായതെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it