കൊവിഡ് 19: പ്രതീക്ഷയേറ്റുന്ന ആറു വാക്‌സിനുകള്‍ ഇവയാണ്

ലോകത്തിന് ഭീഷണിയായി കൊവിഡ് എന്ന പകര്‍ച്ചവ്യാധി പടര്‍ന്നു തുടങ്ങിയിട്ട് ഏഴു മാസമാകുന്നു. ഇതുവരെയും ഫലപ്രദമായൊരു മരുന്ന് കണ്ടുപിടിക്കാന്‍ ആയിട്ടില്ല. മനുഷ്യ ജീവിതം നാള്‍ക്കുനാള്‍ ദുസ്സഹമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ മഹാമാരിയെ ചെറുക്കാനുള്ള വാക്‌സിന്‍ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങള്‍. ഏകദേശം 19 വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. അതില്‍ മൂന്നെണ്ണം മനുഷ്യരിലെ പരീക്ഷണത്തില്‍ മൂന്നാംഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡും ചൈന സര്‍ക്കാരിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം, സിനോവാക് എന്നിവയുടേതാണവ. ഇവയെ കൂടാതെ പ്രതീക്ഷ നല്‍കുന്ന വാക്‌സിനുകള്‍ ഇവയാണ്.

1. ChAdOx1-S- യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്

ഏറ്റവും കൂടുതല്‍ പുരോഗതി പ്രാപിച്ച പരീക്ഷണങ്ങളിലൊന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയൂടേത്. മനുഷ്യരിലെ പരീക്ഷണത്തില്‍ മൂന്നാം ഘട്ടത്തിലാണിത്. ദക്ഷിണാഫ്രിക്ക, യുകെ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേര്‍ ഈ പരീക്ഷണത്തിന്റെ ഭാഗമായിട്ടുണ്ട്. സെപ്തംബറോടെ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പ്രതീക്ഷ

2. സിനോഫാം

കൊറോണ വാക്‌സിന്‍ പരീക്ഷണത്തില്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്ന ലോകത്തെ ആദ്യത്തെ കമ്പനിയാണ്, ചൈന സര്‍ക്കാരിനു കീഴിലുള്ള സിനോഫാം. കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ കേന്ദ്രീകരിച്ചു തന്നെയാണ് വാക്‌സിനും തയാറാകുന്നത്.

3. ZyCov-D- സൈഡസ് കാഡില

പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ZyCoV-D. കഴിഞ്ഞ ദിവസം ഇതിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു. ഇന്ത്യയിലടക്കം പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

4. CoronaVac- സിനോവാക് ബയോടെക്

ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോവാക് ബയോടെകിന് ഇന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. ബ്രസീലില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 9000 ഹെല്‍ത്ത് പ്രൊഫഷണലുകളെ ഉപയോഗിച്ച് ഈ മാസം തന്നെ ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള ശ്രമത്തിലാണ് കമ്പനി. ജനുവരിയില്‍ തന്നെ കമ്പനി വാക്‌സിനു വേണ്ടിയുള്ള പരിശ്രമം തുടങ്ങിയിരുന്നു. ഈ വര്‍ഷം തന്നെ വാക്‌സിന്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

5. COVAXIN- ഭാരത് ബയോടെക് & ഐസിഎംആര്‍

ഇന്ത്യന്‍ വാക്‌സിന്‍ & ബയോതെറാപ്യൂട്ടിക്‌സ് ഉല്‍പ്പാദകരായ ഭാരത് ബയോടെകാണ് രാജ്യത്ത് വാക്‌സിന്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിരിക്കുന്ന ആദ്യ കമ്പനി. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ക്കുള്ള അനുമതിയാണ്‌സോഗത ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കാനാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ലക്ഷ്യം.

6. mRNA-1273- മൊഡേര്‍ണ

യുഎസ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ മൊഡേര്‍ണ മനുഷ്യരില്‍ നടത്തിയ പരീക്ഷണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 30,000ത്തിലേറെ പേരില്‍ നടത്തിയ പരീക്ഷണം 90 ശതമാനത്തോളെ ഫലപ്രദമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വാക്‌സിന്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇതിനു പുറമേ മെഡിക്കാഗോ, വാല്‍വാക്‌സ് ബയോടെക്, ക്യുര്‍വാക്, ഇംപീരിയല്‍ കോളെജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ് ലാന്‍ഡ്, വാക്‌സിന്‍ പിടിവൈ ലിമിറ്റഡ്, ക്ലോവര്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ഗമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജെനക്‌സിന്‍ കണ്‍സോര്‍ഷ്യം, ഫൈസര്‍ തുടങ്ങിയ കമ്പനികളും വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തി വരുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it