കേരളത്തില്‍ മാറ്റം വരണമെന്നാഗ്രഹിക്കുന്ന 3 കാര്യങ്ങള്‍ ഇവയാണ്; പ്രമുഖര്‍ പറയുന്നു

കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് ഇന്ന് 63 വര്‍ഷം. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് കേരളം സംസ്ഥാനമായി രൂപം കൊള്ളുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മലയാള ദിനമായും ഒന്നു മുതല്‍ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കുകയാണ് സംസ്ഥാനം. 63 വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയില്‍ കേരളത്തിന് അഭിമാനിക്കാന്‍ നിരവധി നേട്ടങ്ങള്‍. എന്നാലും നമ്മുടെ കേരളത്തിന് മികച്ചതാകുവാന്‍ ഇനിയും നിരവധി ഘടകങ്ങളില്ലേ, വ്യാവസായിക ഭൂപടത്തില്‍ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇനിയും കേരളം മുന്നിലെത്തണ്ടേ, അടിസ്ഥാന സൗകര്യവികസനങ്ങളില്‍ ഈ മെല്ലെപ്പോക്ക് മതിയോ…? മലയാളികളുടെ മനസ്സില്‍ ഇത്തരം നിരവധി ചോദ്യങ്ങളാണ് ഈ കേരളപ്പിറവിയിലും നിലനില്‍ക്കുന്നത്. വിവിധ മേഖലയിലെ മലയാളി പ്രമുഖര്‍ക്കും പറയുവാനുണ്ട് കേരളത്തിന്റെ വികസന കാഴ്ചപ്പാടുകള്‍. ധനം ഓണ്‍ലൈന്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും...

ഹരികിഷോര്‍ ഐഎഎസ്, എക്‌സിക്യൂട്ടിവ്‌ ഡയറക്റ്റര്‍
കുടുംബശ്രീ

തൊഴിലിനോടുള്ള മനോഭാവം മാറണം

വിദേശത്ത് എല്ലാ തൊഴിലാളികള്‍ക്കും അവര്‍ ചെയ്യുന്ന തൊഴില്‍ മേഖലയോട് മതിപ്പാണ്. ലണ്ടനില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രൊഫസറായി ജോലി ചെയ്യുന്നയാള്‍ക്ക് വൈകുന്നേരം ഹോട്ടലില്‍ വെയ്റ്ററായിട്ട് ജോലിയെടുക്കാന്‍ പോകാന്‍ യാതൊരു മടിയുമില്ല. അവിടെ തങ്ങളുടെ മക്കള്‍ വന്ന് ഭക്ഷണം കഴിച്ചിട്ട് പോയാലും അവര്‍ക്കോ വെയ്റ്ററായി നില്‍ക്കുന്ന പ്രൊഫസറിനോ യാതൊന്നും തോന്നില്ല. നമ്മള്‍ മലയാളികള്‍ വിദേശത്തേക്ക് തൊഴില്‍ തേടി പോയാല്‍ എന്ത് ജോലിയും ചെയ്യും. എന്നാല്‍ അതേ ജോലി നാട്ടില്‍ ചെയ്യാന്‍ ആരും തയ്യാറല്ല. ഇവിടെ തൊഴില്‍ സമത്വം എന്ന ആശയം പോലുമില്ല. അതിനാലാണ് ഇത്രയധികം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ ജോലിതേടിയെത്തുന്നതിനു കാരണവും. Dignity of Labour ഇവിടെ വരണമെന്ന് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നു.

വിദ്യാഭ്യാസ മേഖലയില്‍ മത്സരക്ഷമത വര്‍ധിക്കണം

വിദ്യാഭ്യാസമേഖലയില്‍ മത്സരക്ഷമത ഇവിടെ കുറവാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അതിന് മികച്ച ഉദാഹരണമാണ് കേരളം സാക്ഷരതയില്‍ 98 ശതമാനം വിജയം കൈവരിച്ചിട്ടും ഇന്നും 2000 കുട്ടികളുള്ള ഐഐടിയില്‍ അഞ്ച് പേര്‍ മാത്രം മലയാളികളാകുന്നത്. അവിടെയാണ് ആന്ധ്രാപ്രദേശില്‍ നിന്നും 500 ഓളം വിദ്യാര്‍ത്ഥികളെത്തുന്നത്. അതുപോലെ തന്നെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്തും ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വെറും അഞ്ച് മലയാളികള്‍ മാത്രമാകുന്നത്. അപ്പോള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്ത്‌ എന്തോ പോരായ്മയുണ്ട് എന്നത് തന്നെയാണ് വ്യക്തമാകുന്നത്. വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കേണ്ടത് അത്യാവശ്യമായി തോന്നുന്നു.

സേവനമേഖലയിലെ സംരംഭകത്വ അവസരങ്ങള്‍ തിരച്ചറിയണം

സംരംഭകത്വത്തിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരണം. ഇവിടുത്തെ കുറവുകളും അടിസ്ഥാനസൗകര്യ വികസനങ്ങളിലെ അപാകതകളുമൊക്കെ നോക്കിയിരിക്കാതെ ഇവിടുത്തെ സൗകര്യങ്ങളില്‍ നിന്നുകൊണ്ടുള്ള സംരംഭങ്ങളുണ്ടാകണം. ഉദാഹരണത്തിന് ഉല്‍പ്പാദന മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ അസംസ്‌കൃത വസ്തുക്കളും മറ്റ് സൗകര്യങ്ങളുമൊക്കെ സുലഭമാണെന്നിരിക്കെ കേരളത്തില്‍ സേവനമേഖലയ്ക്ക് നിരവധി അവസരങ്ങളാണുള്ളത്. എന്നാല്‍ പലരും സംരംഭകത്വം മുന്നില്‍ കണ്ടുകൊണ്ടുള്ള പരിശീലന രംഗങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നില്ല. ഈ മനോഭാവം മാറണം. ഗുജറാത്തില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുന്നതിനിടയില്‍ ബി-കോം പഠനം ഉപേക്ഷിച്ച് സംരംഭകനായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. പഠനം സമാന്തരമായി കൊണ്ടുപോകുന്നതോടൊപ്പം ബിസിനസിലേക്കിറങ്ങുന്നതാണ് മികച്ചതെന്നാണ് ജീവിതാനുഭവത്തില്‍ നിന്നും അയാള്‍ പറഞ്ഞത്. മത്സരപരീക്ഷകളെക്കാള്‍ തൊഴില്‍ നേടാനും സ്വന്തമായി സംരംഭം തുടങ്ങാനും സഹായകമാകുന്ന മാര്‍ഗങ്ങളിലേക്ക് പോകുന്ന പുതുതലമുറയെയാണ് ഗുജറാത്തില്‍ നിന്നും കാണാന്‍ കഴിഞ്ഞത്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ചെയര്‍മാന്‍
വി-ഗാര്‍ഡ്

അടിസ്ഥാനസൗകര്യവികസനം മെച്ചപ്പെടണം

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തന്നെ കേരളത്തിന് മികച്ച സംസ്ഥാനമെന്ന പട്ടികയിലേക്ക് ഉയരാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റോഡുകള്‍, ഡ്രെയ്‌നേജ്, പാലങ്ങള്‍, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവയുടെയൊക്കെ വികസനത്തില്‍ നമ്മള്‍ ഇനിയുമേറെ മുന്നോട്ട് സഞ്ചരിക്കാനുണ്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രാഥമിക കാര്യങ്ങളെങ്കിലും ഉടന്‍ തന്നെ പുരോഗമിക്കണം. റോഡുകളിലൂടെയുള്ള സഞ്ചാരത്തിനു പുറമെ വ്യവസായത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഗതാഗതവികസനം വേണം ഇവിടെ വരാന്‍. നിര്‍മാണമേഖലയിലുള്ളവര്‍ക്ക് അവരുടെ പ്രദേശത്തെ ഡ്രെയ്‌നേജും മറ്റും പലപ്പോഴും പ്രശ്‌നമാകാറുണ്ട്. ജന ജീവിതത്തോടൊപ്പം സംരംഭങ്ങള്‍ വളരാനും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വരേണ്ടതാണ്.

മാലിന്യ സംസ്‌കരണം മികച്ചതാകണം

ബ്രഹ്മപുരം പദ്ധതി പോലുള്ളവ ഇന്നും ഒരിടത്തും എത്താതെ കിടക്കുകയാണ്. ഇവിടുത്തെ ഭരണങ്ങള്‍ മാറി വന്നാലും ജനജീവിതത്തെ ദുസ്സഹമാക്കുന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആര്‍ക്കും കഴിയുന്നില്ല. കേരളത്തിലെ പട്ടണങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങള്‍ പോലും മാലിന്യപ്രശ്‌നത്തിന്റെ പിടിയിലാണ.് ഇതിന് പരിഹാരം കാണാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ഒരു സര്‍ക്കാരും കൈക്കൊള്ളുന്നില്ല. ശരിയായ പഠനമോ സാങ്കേതികതയുടെ ഉപയോഗമോ ഒന്നും മാലിന്യ സംസ്‌കരണ മേഖലയില്‍ വരുന്നില്ല എന്നത് അപലപനീയമാണ്. ഇതിനാണ് മാറ്റമുണ്ടാകേണ്ടത്.

കര്‍ശന നിയമങ്ങളും തീരുമാനങ്ങളും നടപ്പാകണം

സംരംഭകനെന്ന നിലയില്‍ നോക്കുകൂലി പ്രശ്‌നത്തിനെതിരെ എപ്പോഴും ശബ്ദമുയര്‍ത്തേണ്ടി വന്നിട്ടുണ്ട്. ഇവിടെ വര്‍ഷങ്ങള്‍ക്കുമുമ്പേ നോക്കുകൂലി പ്രശ്‌നം അതീവഗുരുതരമായി സംരംഭകരെ ബാധിക്കുന്നുണ്ടെന്നറിഞ്ഞിട്ട് പോലും അതിന് പരിഹാരമാര്‍ഗം കാണാന്‍ ഒരു ഭരണ നേതാക്കളും മുന്നോട്ട് വന്നിട്ടില്ല. പ്രശ്‌നങ്ങള്‍ പലതും അത്തരത്തിലാണ്. ഗുരുതരമായ ഇടപെടലുകള്‍ വേണ്ട സമയങ്ങളില്‍ തീരുമാനം വൈകുന്നത് ഇവിടെ പതിവാണ്. നോക്കുകൂലി ഒരു അനുഭവം മാത്രം, പറയാനായി ഇനിയുമേറെയുണ്ട്. കേരളം പോലൊരു റിസോഴ്‌സ്ഫുള്‍ സംസ്ഥാനം നിക്ഷേപ സൗഹൃദമാകാന്‍ ഇവിടുത്തെ 'ഡിസിഷന്‍ മേക്കിംഗ് വേഗത്തില്‍' ആകണം.

അടുത്തിടെ ശ്രദ്ധയില്‍പെട്ട മറ്റൊരു കാര്യമാണ് ഇവിടുത്തെ ട്രാഫിക് നിയമലംഘകര്‍ക്കുള്ള പിഴയില്‍ വരുത്തിയ ഇളവുകള്‍. ഇവിടെ നിയമം നടപ്പിലാക്കാന്‍ ആരെയാണ് അധികാരികള്‍ ഭയക്കുന്നത്. ഇത്രയധികം ശിക്ഷകള്‍ നടപ്പാക്കുന്ന സംസ്ഥാനമായിട്ടുകൂടി ഇവിടെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയല്ലേ. നിയമ നിര്‍വഹണത്തില്‍ വിട്ടുവീഴ്ച പാടില്ല. മറ്റു രാജ്യങ്ങളില്‍ വികസനം പ്രാപ്തമാകുന്നത് അവിടുത്തെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത് കൊണ്ട്കൂടിയാണ്.

സത്യന്‍ അന്തിക്കാട് , സംവിധായകന്‍

യാത്രാദുരിതം മാറണം

15 മിനിട്ട് കൊണ്ട് എത്താവുന്ന സ്ഥലത്തെത്താന്‍ ഇന്ന് ഒരു മണിക്കൂര്‍ എടുക്കുന്ന ട്രാഫിക് കുരുക്കാണ് കേരളത്തില്‍ പലയിടത്തും ഉള്ളത്. അതിന് പുറമെ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും. റോഡുകളിലെ കുഴികള്‍ പരിഹരിക്കാന്‍ ആരാണ് മുന്നിട്ടിറങ്ങുന്നത്? ഏത് മേഖലയിലുള്ളവര്‍ക്കും സഞ്ചാരയോഗ്യമായ റോഡുകള്‍ വളരെ അത്യാവശ്യമായി വേണ്ടത് തന്നെ. ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രാഥമിക നടപടി കൈക്കൊള്ളേണ്ടത് റോഡുകളുടെ വികസനത്തിനാണ്. റോഡുകള്‍ മോശമായതിനാല്‍ തന്നെ പല ഔദ്യോഗിക മീറ്റിംഗുകള്‍ക്കും വൈകി എത്തേണ്ടി വന്നിട്ടുള്ളവരുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. നമ്മുടെ സംസ്ഥാനം എത്ര മികച്ചതാണ്. എന്നാല്‍ റോഡുകളിലെ കുഴികള്‍ മാത്രം കണ്ടാല്‍ മതി. ഈ അഭിപ്രായം തിരുത്തി പറയാന്‍.

അഴിമതി രഹിത കേരളം

അടുത്ത കാലത്ത് ദുബായ് സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ പുരോഗമനങ്ങള്‍ കണ്ട് കൊതിച്ചുപോയി. ഏതൊരാള്‍ക്കും ഇവിടെ അഴിമതി കാണിക്കാമെന്ന സ്ഥിതിയാണുള്ളത്. അത് ചെറിയ വിഭാഗക്കാരില്‍ നിന്നു തുടങ്ങി മേലുദ്യോഗസ്ഥരില്‍ വരെ അഴിമതിക്കാരുണ്ടാകുന്നതെന്ത്‌കൊണ്ടാണ്. ഭരണ നിര്‍വഹണത്തില്‍ സുതാര്യത വരണം. പാലാരിവട്ടം മേല്‍പ്പാലം പദ്ധതി പോലുമെടുത്തുനോക്കൂ. ജനങ്ങളെ എത്ര ബുദ്ധിമുട്ടിച്ചുകൊണ്ടാണ് നമ്മള്‍ പുരോഗമന പദ്ധതികള്‍ നടത്തുന്നത്. അത് ജനനന്മയ്ക്ക് വേണ്ടിയെന്നു കരുതി എല്ലാവരും സഹകരിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്താണ് ഇവിടെ നടന്നത്. അതില്‍ അഴിമതി കലര്‍ത്തി. അതുപോലെ ഇവിടെ പലതും അഴിമതി നിറഞ്ഞ് ജനദ്രോഹ പദ്ധതികളായി മാറുകയാണ്. ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. വികസനം ജനങ്ങളിലേക്കെത്തണമെങ്കില്‍ അഴിമതി വരുത്താതിരിക്കാനുള്ള സിസ്റ്റം വരണം.

മായമില്ലാത്ത ഭക്ഷണം ഉറപ്പാക്കണം

മായം കലര്‍ന്ന പച്ചക്കറികളും പഴങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്കൊഴുകുന്നതിന് ഒരു നിയന്ത്രണവുമില്ല. കേരളത്തിലെ ചുറ്റുപാടുകളില്‍ നിന്നുകൊണ്ടുള്ള ജൈവകൃഷിയിടങ്ങള്‍ രൂപീകരിക്കണം. സര്‍ക്കാര്‍തല നേതൃയോഗങ്ങള്‍ കൂടുകയും വിഷരഹിത പച്ചക്കറികളും ഭക്ഷണപദാര്‍ത്ഥങ്ങളും ജനങ്ങളിലേക്കെത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. മായം കലരാത്ത ഭക്ഷണം മാത്രമല്ല രോഗപ്രതിരോധശേഷിയുള്ള ഒരു കേരളജനതയെക്കൂടിയാണ് ഇത്തരം പദ്ധതികളിലൂടെ നമുക്ക് നേടാനാകുക. രോഗവാഹിനികളായ പഴങ്ങളും പച്ചക്കറികളും സംസ്ഥാനത്തേക്ക് കടത്തില്ല എന്ന പ്രതിജ്ഞയെടുക്കാന്‍ നമുക്ക് കഴിയാത്തത് വലിയ പരാജയമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it