പൊതുജനങ്ങള്‍ക്ക് മുന്നില്‍ വാക്‌സിന്‍ കുത്തിവയ്ക്കാന്‍ തയ്യാറായി ഒബാമയും ബുഷും ക്ലിന്റണും

അമേരിക്കക്കാര്‍ക്ക് കോവിഡ് വാക്‌സിനോടുള്ള വിമുഖതയും ഭയവും ഇല്ലാതാക്കാന്‍ പൊതുജനസമക്ഷം കോവിഡ് വാക്‌സിന്‍ കുത്തിവയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവര്‍. വാക്‌സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നടന്ന ടെലിവിഷന്‍ ഷോയിലാണ് വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തെക്കുറിച്ച് ബരാക് ഒബാമ പ്രഖ്യാപിച്ചത്. സയന്‍സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കയില്‍ ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് വലിയൊരു വിഭാഗം പേരും. ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഫൈസര്‍, ബയോടെക് എന്നിവ നിര്‍മ്മിക്കുന്ന കോവിഡ് -19 വാക്‌സിന്‍ അനുവദിക്കണമോ എന്ന് തീരുമാനിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) യോഗം ചേരുന്നതിന് ഒരാഴ്ച മുമ്പാണ് മുന്‍ പ്രസിഡന്റുമാര്‍ ബോധവല്‍ക്കരണ ക്യാമ്പയിനുമായി രംഗത്തെത്തിയിട്ടുള്ളത്. ക്യാമറകള്‍ക്ക് മുമ്പില്‍ തങ്ങളുടെ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകള്‍ പരസ്യം ചെയ്ത് ആരാധകരെയും തങ്ങളില്‍ വിശ്വസിക്കുന്ന വലിയൊരു സമൂഹത്തെയും വാക്‌സിന്‍ സ്വീകരിക്കാന്‍ ക്ഷണിക്കുകയാണ് ഇവര്‍.

ഇത്തരമൊരു ക്യാമ്പയിനിലൂടെ വാക്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിന്റെ സുരക്ഷയിലും ഫലപ്രാപ്തിയിലും ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനും കഴിയുമെന്നാണ് വിശ്വസിക്കുന്നത്. മുമ്പ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കോവിഡ്-19 വാക്‌സിന്‍ ഇത്തരത്തില്‍ സ്വീകരിരുന്നു. യുഎഇ പതാക ദിനത്തിലാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ഇത്തരമൊരു കാര്യം പരസ്യപ്പെടുത്തിയതും അന്ന് വാര്‍ത്തയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it