Top

ക്ഷേത്രത്തിനകത്തെ ചടങ്ങ് മാത്രമായി പൂരം; തൃശൂരിന് കോടികളുടെ നഷ്ടം

പൂരമില്ലാത്ത കാലം തൃശൂരിന് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ലോകത്തിന്റെ വിവിധ കോണിലുമുള്ള തൃശൂരുകാരന്‍ എല്ലാ തിരക്കും മാറ്റിവെച്ച് പൂരത്തിരക്കില്‍ അലിയാന്‍ ഓടി വരുന്ന നാളുകള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂരം ചടങ്ങുകള്‍ മാത്രമായതോടെ തൃശൂരിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായിരിക്കുന്നത് കോടികളുടെ നഷ്ടം.

കൈനോട്ടക്കാര്‍ക്ക് മുതല്‍ വന്‍കിട ഹോട്ടലുകള്‍ക്ക് വരെ പൂരക്കാലം കൊയ്തുക്കാലമാണ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പൂരത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ക്ക് കോടികളാണ് ചെലവിടുന്നത്. പന്തല്‍ പണിക്കാര്‍, വെളിച്ച വിതാനക്കാര്‍ എന്നുവേണ്ട തൃശൂരിലെ ലോക്കല്‍ ചാനലുകള്‍, ചെറുപത്രങ്ങള്‍, മീഡിയ ഏജന്‍സികള്‍ എന്നിവയ്‌ക്കെല്ലാം തന്നെ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നതും ഭാവിയിലേക്കുള്ള മുതല്‍കൂട്ടായി തുക മാറ്റി വെയ്ക്കാന്‍ സഹായിക്കുന്നതുമായി സീസണ്‍ പൂരക്കാലമാണ്.

അതുകൊണ്ട് പൂരം ഇല്ലാതാകുമ്പോഴുള്ള നഷ്ടം ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും അതിന്റെ പ്രത്യാഘാതം കാണും.

എട്ട് ലക്ഷം പേര്‍ ഒഴുകിയെത്താത്ത വര്‍ഷം

പൂരത്തിന്റെ മുഖ്യ ആകര്‍ഷങ്ങളില്‍ ഒന്നാണ് പൂരം പ്രദര്‍ശനം. ഒരു വര്‍ഷത്തില്‍ ശരാശരി എട്ടുലക്ഷം പേര്‍ പൂരപ്രദര്‍ശനം കാണാനെത്തുമെന്നാണ് കണക്ക്. 50 ദിവസത്തോളം പ്രദര്‍ശനം നീണ്ടുനില്‍ക്കും. 300 ലേറെ സ്റ്റാളുകളും ഉണ്ടാകും. അടുത്ത വര്‍ഷത്തെ പൂര ഒരുക്കത്തിനുള്ള ഫണ്ട് സമാഹരണത്തിന് ദേവസ്വങ്ങള്‍ക്കുള്ള പ്രധാന മാര്‍ഗം കൂടിയാണ് പൂരം എക്‌സിബിഷന്‍. ഈ വര്‍ഷം പന്തലുകള്‍ മാത്രം ഇട്ട വകയില്‍ 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. ''പൂരം ചടങ്ങുകളില്‍ മാത്രമൊതുങ്ങുമെന്ന സൂചന ലഭിച്ചതോടെ കുറേയേറെ ജോലികള്‍ നിര്‍ത്തിവെച്ചിരുന്നു. കുടകളുടെ അറ്റകുറ്റപണികള്‍, കുടമാറ്റത്തിനുള്ള പുതിയ കുട തുന്നല്‍, വെഞ്ചാമര നിര്‍മാണം, ആനച്ചമയങ്ങളുടെ മിനുക്കല്‍ അങ്ങനെ ഒരു പാട് ജോലികള്‍ പരമ്പരാഗതമായി ചെയ്യുന്ന കുടുംബങ്ങളും ജോലിക്കാരുമുണ്ട്. ഇവരുടെ ഉപജീവനമാര്‍ഗം കൂടിയാണ് നിലച്ചത്,'' തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം. മാധവന്‍കുട്ടി പറയുന്നു.

നഷ്ടം സകലമേഖലയിലേക്കും

പൂരത്തിന് മാത്രം 1300 ലേറെ വാദ്യകലാകാരന്മാര്‍ അണിനിരക്കാറുണ്ട്. പല കലാകാരന്മാരുടെയും കലാജീവിത്തിലെ വഴിത്തിരിവാണ് പൂരനാളുകള്‍. പൂരം ഇല്ലാതായതോടെ വരുമാനം മാത്രമല്ല, ജീവിതത്തിലെ നല്ല നാളുകളിലേക്കുള്ള മാര്‍ഗം കൂടിയാണ് അടഞ്ഞത്.

പൂരത്തോട് അനുബന്ധിച്ച് വടക്കുനാഥന് ചുറ്റുമായി മൂന്ന് ബഹുനില പന്തലുകളാണ് ഉയരുന്നത്. പന്തല്‍ തൃശൂരിലെ ബിസിനസ് ഗ്രൂപ്പുകളുടെയും ബിസിനസ് സാരഥികളുടെയും അഭിമാനസ്തംഭം കൂടിയാണ്. ഏറ്റവും നൂതനമായ വെളിച്ച വിതാനവും മറ്റും ഒരുക്കാന്‍ ഇറക്കുമതി ചെയ്ത ലൈറ്റുകള്‍ വരെയാണ് ഉപയോഗിക്കാറാണ്. നിരവധി കാലാകാരന്മാരും അവിദഗ്ധ തൊഴിലാളികളും ഇതിനു പിന്നില്‍ ജോലി ചെയ്യും. പൂര പന്തല്‍ കരാറുകാര്‍ക്ക് അവരുടെ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വരുമാനകാലം കൂടിയാണിത്.

പൂരത്തിന് 100 ആനകളെയെങ്കിലും വേണ്ടിവരും. പൂരത്തിന് എഴുന്നള്ളിക്കുക എന്നത് ആനകളുടെ ഏക്കം (വാടക) ഉയരുന്നതിന്റെ ഒരു ഘടകമാണ്. ആന ഉടമകള്‍ക്കും ദേവസ്വത്തിനും മാത്രമല്ല ആനപ്പുറത്തേറുന്ന ജോലിക്കാര്‍, ആനയ്ക്ക് പട്ട കൊണ്ടുവരാന്‍ കരാറെടുത്തവര്‍ തുടങ്ങിയവര്‍ക്കെല്ലാം വലിയ നഷ്ടമാണ്.

വെടിക്കെട്ടാണ് പൂരത്തിന്റെ മറ്റൊരു ആകര്‍ഷണം. 600 ലേറെ പേര്‍ ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് അസംസ്‌കൃത വസ്തു വാങ്ങാനും കൂലിയിനത്തിലുമെല്ലാം വിതരണം ചെയ്യുന്നത്. കരാറുകാര്‍ പ്രാരംഭ ജോലികള്‍ക്ക് പണം ഇത്തവണ ഇറക്കിയെങ്കിലും പിന്നീട് അവ നിര്‍ത്തി വെച്ചു.

തൃശൂരില്‍ വേരുകളുള്ള ഏതാണ്ട് എല്ലാവരും തന്നെ പൂരക്കാലത്ത് നാട്ടിലെത്തും. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂടി പൂരം കാണാന്‍ എത്തുന്നതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് ഹോട്ടല്‍ മുറികളും നിറഞ്ഞുകവിയും. സാധാരണ നാളുകളേക്കാള്‍ പല മടങ്ങ് തുകയ്ക്കാണ് പലപ്പോഴും വെടിക്കെട്ട് കാണാനും കുടമാറ്റം കാണാനുമൊക്കെ സൗകര്യമുള്ള സ്ഥലത്തെ മുറികളുടെ ബുക്കിംഗ് നടക്കുക. 36 മണിക്കൂര്‍ നിര്‍ത്താതെയുള്ള പൂരം തൃശൂരിലെ ബാറുകള്‍ക്കും ചാകരയാണ്.

ലോകത്തിന്റെ വിവിധ കോണിലുള്ള തൃശൂരുകാര്‍ നാട്ടിലെത്തുന്ന വേളയായതിനാല്‍ നഗരത്തിലെ റീറ്റെയ്ല്‍ ഷോറൂമുകള്‍ മുതല്‍ സാമ്പത്തിക സേവനം നല്‍കുന്നവര്‍ക്ക് വരെ പൂരം സീസണ്‍ കാലമാണ്. വസ്ത്രങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ കൂടുതല്‍ വാങ്ങുന്നത് ഈ നാളുകളിലാണ്. നിക്ഷേപ തീരുമാനങ്ങള്‍ പലരും ഈ നാളുകളിലാണ് എടുക്കുന്നത്. മ്യൂച്വല്‍ ഫണ്ട് സേവനദാതാക്കള്‍ക്ക് മുതല്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍ എന്നിവയ്‌ക്കെല്ലാം ഈ സീസണ്‍ നഷ്ടമായി.

തൃശൂരിലെ വലുപ്പ ചെറുപ്പമില്ലാതെ എല്ലാത്തരം മീഡിയകളും സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന കാലമാണ് പൂരക്കാലം. പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ക്ക് 6-7 കോടിയുടെ പരസ്യങ്ങള്‍ ലഭിക്കാറുണ്ട്. ചെറുകിട പത്രങ്ങളും ലോക്കല്‍ ചാനലുകളും എഫ് എം റേഡിയോകളുമെല്ലാം പരസ്യങ്ങള്‍ കൊണ്ട് നിറയും ഇക്കാലത്ത്. തൃശൂരിലെ ഏത് ബിസിനസുകാരനും കണക്കുനോക്കാതെ പരസ്യം നല്‍കുന്ന കാലം കൂടിയാണിത്. ''മാര്‍ച്ചിലെ ശമ്പളം കൂടി ഞങ്ങള്‍ നല്‍കി. ഇതുവരെ ഒരു ക്ലാസിഫൈഡ് പരസ്യം പോലും റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ - മെയ് മാസത്തില്‍ തൃശൂരിലെ പരസ്യ ഏജന്‍സിയില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല,'' തൃശൂരിലെ ഒരു പരസ്യ ഏജന്‍സി ഉടമ പറയുന്നു.

''ഒരു പൂരം മാറ്റിവെയ്ക്കുമ്പോഴുണ്ടാകുന്ന നഷ്ടം കണക്കുകളില്‍ പറയാന്‍ പ്രയാസമാണ്. അത്രയേറെ അത് തൃശൂരിന്റെ ജീവിതവുമായി ഇഴ ചേര്‍ന്നിരിക്കുന്നു. സംഖ്യകളില്‍ അതിനെ ഒതുക്കാനാവില്ല,'' മാധവന്‍കുട്ടി പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it