ഇന്നത്തെ 10 ബിസിനസ് വാർത്തകൾ: ഈവനിംഗ് ന്യൂസ് റൗണ്ട് അപ്പ്-ഡിസം.1

1. ജപ്പാന്‍, അമേരിക്ക, ഇന്ത്യ അഥവാ ‘ജയ്’

ജപ്പാനും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണത്തെ ‘ജയ്’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ രാജ്യങ്ങളുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ചതാണ് 'വിജയം' എന്നർത്ഥം വരുന്ന ഈ വിശേഷണം. ജി–20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരുമായി നടത്തിയ ആദ്യ ത്രിരാഷ്ട്ര കൂടിക്കാഴ്ചക്കു ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

2. എച്ച്-1ബി വിസ: ഉയർന്ന നൈപുണ്യവും വേതനവും ഉള്ളവർക്ക് മാത്രം

എച്ച് -1ബി വിസ ചട്ടങ്ങളിൽ പുതിയ മാറ്റങ്ങൾ നിർദേശിച്ച് ട്രംപ് ഭരണകൂടം. വിസക്കുള്ള അപേക്ഷകൾ മുൻപേതന്നെ കമ്പനികൾ സമർപ്പിക്കണം. വളരെ ഉയർന്ന നൈപുണ്യമുള്ള പ്രൊഫഷണലുകൾക്കും ഉയർന്ന വേതനം നേടുന്നവർക്കും മാത്രം ഇനി എച്ച് -1ബി വിസ നൽകിയാൽ മതിയെന്നാണ് നിർദേശം.

3. സൺ ഫാർമയ്ക്കെതിരായ കേസ് സെബി പുനപരിശോധിക്കും

മാർക്കറ്റ് നിയന്ത്രണ ഏജൻസിയായ സെബി സൺ ഫാർമയ്ക്കെതിരായ ഇൻസൈഡർ ട്രേഡിങ്ങ് കേസ് പുനപരിശോധിക്കും. വിദേശത്ത് ഫണ്ട് സ്വരൂപിച്ചത് സംബന്ധിച്ച ക്രമക്കേടുകളും പരിശോധിക്കും. കമ്പനി പ്രൊമോട്ടർക്കും മറ്റുള്ളവർക്കുമെതിരെ ആരോപണങ്ങളുമായി ഒരു വ്യക്തി സെബിയെ സമീപിച്ചതാണ് കേസ് വീണ്ടും തുറക്കാൻ കാരണം. രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

4. കാലാവസ്ഥാ വ്യതിയാനം: മോദി യുഎൻ മേധാവിയുടെ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ മേധാവി ആന്റോണിയോ ഗുട്ടേറസുമായി ചർച്ച നടത്തി. കാലാവസ്ഥാ വ്യതിയാനമായിരുന്നു ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്ന വിഷയം. പാരീസ് കരാറിനെ ഇന്ത്യ പിന്തുണക്കുമെന്ന് മോദി അറിയിച്ചു. ജി20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.

5. മാരുതി സുസുകി: കാർ വിൽപനയിൽ നേരിയ ഇടിവ്

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാവായ മാരുതി സുസുകിയുടെ ആഭ്യന്തര വിൽപനയിൽ ഇടിവ്. പാസഞ്ചർ കാറുകളുടെ വിൽപ്പനയിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ വിറ്റുപോയത് 129,837 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ഇതേ മാസം, 130,732 യൂണിറ്റുകൾ വിറ്റിരുന്നു.

6. യുപിഐ ഇടപാടുകൾ 50 കോടി കടന്നു

യുപിഐ വഴിയുള്ള പണമിടപാടുകൾ നവംബറിൽ 50 കോടി കടന്നു. ഒക്ടോബറിനെ അപേക്ഷിച്ച് പണമിടപാടുകളുടെ തോത് 9 ശതമാനം വർധിച്ചു. 82,232.21 കോടി രൂപയുടെ പണമിടപാടുകളാണ് കഴിഞ്ഞ മാസം നടന്നതെന്ന് നാഷണൽ പേയ്മെന്റ് കോർപൊറേഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

7. ആധാർ പേയ്മെന്റ് സംവിധാനം നിർത്തലാക്കരുതെന്ന് യുഐഡിഎഐ

ആധാർ-എനേബിൾഡ് പേയ്മെന്റ് സംവിധാനം നിർത്തലാക്കരുതെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ) ബാങ്കുകളോട് ആവശ്യപ്പെട്ടു. ക്ഷേമ ബത്തകളുടെയും മറ്റ് ആനുകൂല്യങ്ങളുടെയും വിതരണം തടസപ്പെടുമെന്നതിനാലാണിത്. ആധാർ പേയ്മെന്റ് സംവിധാനം നിർത്തലാക്കാൻ പോകുകയാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം എസ്ബിഐ നാഷണൽ പേയ്‌മെന്റ് കോർപറേഷന് കത്തയച്ചിരുന്നു.

8. സ്റ്റാർട്ടപ്പ് ഫെസിലിറ്റേഷൻ സെന്ററുകൾ തുറക്കും

സ്റ്റാർട്ടപ്പുകൾക്ക് വിവിധ രംഗത്ത് സേവനം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഫെസിലിറ്റേഷൻ സെന്ററുകൾ തുറക്കും. ആദ്യഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ആരംഭിക്കും. സെന്ററുകൾ തുറക്കാനുള്ള പാനൽ തയ്യാറാക്കാൻ അംഗീകൃത ഏജൻസികളിൽ നിന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

9. 'നാവിക്' കെൽട്രോൺ നിർമിക്കും

മത്സ്യബന്ധന യാനങ്ങളിൽ ഘടിപ്പിക്കാനുള്ള സുരക്ഷാ ഉപകരണമായ നാവിക് നിർമാണത്തിന് കെൽട്രോണിനെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് കെല്‍ട്രോണും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു. ആഴക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനാണ് നാവിക് ഉപയോഗിക്കുന്നത്. നാവിക് ഒരു യൂണിറ്റിന് 8500 രൂപയാണ് ചെലവ്. മത്‌സ്യത്തൊഴിലാളികള്‍ക്ക് നാവിക് സൗജന്യമായി നൽകും.

10. എട്ട് വർഷത്തിന് ശേഷം, ആപ്പിളിന്റെ മൂല്യത്തെ മൈക്രോസോഫ്റ്റ് കടത്തിവെട്ടി

എട്ട് വർഷത്തെ ഇടവേളക്ക് ശേഷം ആപ്പിളിന്റെ വിപണി മൂല്യത്തെ മൈക്രോസോഫ്റ്റ് മറികടന്നു. മൈക്രോസോഫ്റ്റിന്റെ ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് രംഗത്തെ മുന്നേറ്റമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച മൈക്രോസോഫ്റ്റിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 851.2 ബില്യണിൽ എത്തിയിരുന്നു. ആപ്പിളിന്റേത് 847.4 ബില്യണും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it