ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 ഫെബ്രുവരി 20

നാവികസേനയ്ക്ക് വേണ്ടി അമേരിക്കയില്‍ നിന്ന് 24 അത്യാധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കൂടുതല്‍ വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. അമേരിക്കയുമായുള്ള ഹെലികോപ്റ്റര്‍ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് എം.എച്ച്-60ആര്‍ സീഹോക് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്

നാവികസേനയ്ക്ക് വേണ്ടി അമേരിക്കയില്‍ നിന്ന് 24 അത്യാധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് തീരുമാനം. എം.എച്ച്-60ആര്‍ സീഹോക് ഹെലികോപ്റ്ററുകളാണ് വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 260 കോടി ഡോളറിന്റേതാണ് ഇടപാട്.

2. സുനില്‍ മിത്തലും കുമാര്‍ മംഗലം ബിര്‍ളയും നിര്‍മ്മല സീതാരാമനെ സന്ദര്‍ശിച്ചു

എ.ജി ആര്‍ കുടിശിക ഉള്‍പ്പെടെയുള്ള ടെലികോം മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തലും വോഡഫോണ്‍ ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയും ധനമന്ത്രി നിര്‍മ്മല സീതാരാമനെ നോര്‍ത്ത് ബ്ലോക്ക് ഓഫീസില്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

3. ആഗോള സാമ്പത്തികവളര്‍ച്ചയെ കൊറോണ വൈറസ് ബാധിക്കുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍

ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള സാമ്പത്തികവളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. അതേസമയം, ഇന്ത്യയെ അത്ര കാര്യമായി ഇത് ബാധിക്കാനിടയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തെയും(ജി.ഡി.പി.) വ്യാപാരത്തെയും ഇത് ഗുരുതരമായി ബാധിക്കും.

4. മികച്ച എം.എസ്.എം.ഇ ബാങ്കിനുള്ള അസോചം പുരസ്‌കാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന്

അസോസിയേറ്റഡ് ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഒഫ് ഇന്ത്യ (അസോചം) ഏര്‍പ്പെടുത്തിയ സ്വകാര്യ ബാങ്കുകള്‍ക്കിടയിലെ മികച്ച എം.എസ്.എം.ഇ ബാങ്കിനുള്ള പുരസ്‌കാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വന്തമാക്കി. അസോചത്തിന്റെ ഏഴാമത് എം.എസ്.എം.ഇ നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്സ് 2019ലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

5. എസ്സല്‍ ഗ്രൂപ്പ് ഓഹരികള്‍ വാങ്ങാനുള്ള ഭാരതി എയര്‍ടെല്‍ നീക്കം നിര്‍ത്തി

ഡയറക്റ്റ്-ടു-ഹോം (ഡിടിഎച്ച്) കമ്പനിയായ ഡിഷ് ടിവിയുടെ പ്രൊമോട്ടര്‍മാരായ സുഭാഷ് ചന്ദ്രയുടെ എസ്സല്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്‍ നടത്തി വന്ന നീക്കം മൂല്യനിര്‍ണയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം റദ്ദായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here