ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 2

1. ബാങ്കുകളില്‍ നിന്നുള്ള വായ്പാ വിതരണത്തില്‍ വര്‍ദ്ധന

ബാങ്കുകളില്‍ നിന്നുള്ള മൊത്തം വായ്പാ വിതരണം ജനുവരിയില്‍ വളര്‍ന്നത് 8.5 ശതമാനം. 2019 ജനുവരിയില്‍ വളര്‍ച്ച 13.5 ശതമാനമായിരുന്നുവെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. വ്യവസായ-വാണിജ്യ മേഖല കടുത്ത മാന്ദ്യത്തിന്റെ പിടിയിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ സേവന മേഖലയിലേക്കുള്ള വായ്പാ വിതരണ വളര്‍ച്ച 23.9 ശതമാനത്തില്‍ നിന്ന് 8.9 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

2. വിദേശ നാണയ ശേഖരം റെക്കോര്‍ഡ് ഉയരത്തില്‍

ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം ഫെബ്രുവരി 21ന് സമാപിച്ച വാരത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. 2.90 കോടി ഡോളര്‍ വര്‍ദ്ധനയുമായി 47,612.20 കോടി ഡോളറാണ് വിദേശ നാണയ ശേഖരം. കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ മൂല്യമുയര്‍ന്നതും നേട്ടമായി.

3. പാചക വാതക വില 50 രൂപ കുറച്ചു

സബ്സിഡിരഹിത പാചക വാതക സിലിണ്ടറിന്റെ വില ഏകദേശം 50 രൂപ കുറച്ചു. തുടര്‍ച്ചയായി ആറുതവണ വില വര്‍ധിച്ചതിന് പിന്നാലെയാണ് വില കുറഞ്ഞത്.

4. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് ബാങ്ക് സിഇഒമാരെ കാണും

റിസര്‍വ് ബാങ്ക് ഓഫ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് വാണിജ്യ ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തും. വായ്പാ വര്‍ദ്ധനവ് യാഥാര്‍ത്ഥ്യമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ചാവിഷയം.

5. എസ് .ബി.ഐ. കാര്‍ഡ്സ് ഐ.പി.ഒ. ഇന്ന് തുടങ്ങും

രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളിലൊന്നായ 'എസ്.ബി.ഐ. കാര്‍ഡ്സി'ന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ.) ഇന്ന് ആരംഭിക്കും. ഓഹരിയൊന്നിന് 750-755 രൂപയാണ് സൂചിത വിലയായി നിശ്ചയിച്ചിരിക്കുന്നത്. 13 കോടി ഓഹരികളാണ് വില്‍ക്കുന്നത്. ഐ.പി.ഒ. വ്യാഴാഴ്ച അവസാനിക്കും. 10,000 കോടി രൂപയാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കാന്‍ ഒരുങ്ങുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it