ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 5

1. എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപ പരിധി 100 ശതമാനമാക്കി

എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ പരിധി കേന്ദ്ര കാബിനറ്റ് 49 ശതമാനത്തില്‍ നിന്നുയര്‍ത്തി 100 ശതമാനമാക്കി. പ്രവാസി ഇന്ത്യക്കാര്‍ക്കും ഇനി എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാം. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റൊഴിക്കാനുള്ള നടപടികള്‍ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 17 ആണ് താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി.

2. എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ ഇന്ന് വരെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഭൂരിപക്ഷം ഓഹരിയുള്ള ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ എസ്ബിഐ കാര്‍ഡ്‌സിന്റെ പ്രഥമ ഓഹരി വില്‍പന (ഐപിഒ) ഇന്ന് അവസാനിക്കും. മൂന്നു ദിവസത്തിനകം 15.5 മടങ്ങ് വരിക്കാരായിട്ടുണ്ട്. ഇഷ്യു 30 മുതല്‍ 35 മടങ്ങ് വരെ സബ്സ്‌ക്രൈബുചെയ്യുമെന്ന് ബാങ്കര്‍മാര്‍ പ്രതീക്ഷിക്കുന്നു.

3. പൊതുമേഖലാ ബാങ്ക് ലയനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍

പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളാക്കി മാറ്റാനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനത്തിന് കേന്ദ്ര കാബിനറ്റിന്റെ അനുമതിയായി. കഴിഞ്ഞ ഓഗസ്റ്റിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലയനം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ലയനം പ്രാബല്യത്തില്‍ വരും. ഇതോടെ, പൊതുമേഖലയിലെ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.

4. ഓയോ ഹോട്ടല്‍സ് 5000 പേരെ പിരിച്ചുവിടും; കൂടുതല്‍ ചൈനയില്‍

ഓയോ ഹോട്ടല്‍സ് വിവിധ രാജ്യങ്ങളില്‍ നിന്ന് അയ്യായിരത്തോളം ജീവനക്കാരെ ഉടന്‍ പിരിച്ചുവിടുന്നതില്‍ ഗണ്യമായ എണ്ണം ചൈനയില്‍ നിന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. അവിടെ സുസ്ഥിര ബിസിനസ്സ് കെട്ടിപ്പടുക്കാന്‍ പാടുപെടുന്നതിനിടെ വന്ന കൊവിഡ് 19 ബാധ വെല്ലുവിളി രൂക്ഷമാക്കിയതായി കമ്പനി വിലയിരുത്തുന്നു.

5. ഡോളറിനെതിരെ രൂപയ്ക്കു വിലയിടിവ് തുടരുന്നു

രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 73.33 രൂപയിലേക്ക് താഴ്ന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഇതിനുമുമ്പ് 2018 നവംബര്‍ 12നാണ് രൂപയുടെ മൂല്യം 72.76 നിലവാരത്തിലെത്തിയത്. മറ്റ് ഏഷ്യന്‍ കറന്‍സികളുടെയും മൂല്യം ഇടിഞ്ഞിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it