ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 1

1. ധനക്കമ്മി കുറക്കാൻ ആർബിഐ അധികധനം ഉപയോഗിക്കില്ല: അരുൺ ജയ്റ്റ്ലി

രാജ്യത്തിൻറെ ധനക്കമ്മി കുറക്കാൻ ആർബിഐയുടെ കരുതൽ ശേഖരത്തിലുള്ള അധികധനം ഉപയോഗിക്കില്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി. ധനക്കമ്മി ടാർഗറ്റ് അനുസരിച്ച് തന്നെ തുടരുമെന്നും അദ്ദേഹം പാർലമെന്റിനെ അറിയിച്ചു.

2. 23 ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില ഇന്ന് മുതൽ കുറയും.

23 ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില ഇന്ന് മുതൽ കുറയും. പുതുക്കിയ ജിഎസ്ടി നിരക്കുകൾ ജനുവരി ഒന്നുമുതൽ നിലവിൽ വരുന്നതോടെയാണിത്. സിനിമ ടിക്കറ്റ് നിരക്കുകൾ, ടിവി തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഡിസംബർ 22 ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് നിരക്കുകൾ വെട്ടിച്ചുരുക്കിയത്.

3. 2019-ൽ 50 മില്യൺ ഇന്ത്യക്കാർ വിദേശ സന്ദർശനം നടത്തും

ഈ വർഷം 50 മില്യൺ ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുമെന്ന് വേൾഡ് ടൂറിസം ഓർഗനൈസേഷൻ. 2017-ൽ 23 മില്യൺ പേരാണ് വിദേശ രാജ്യങ്ങൾ സന്ദർശിച്ചത്. യുറോപ്യൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളും ഇതിൽപ്പെടും.

4. പാചക വാതക വില കുറഞ്ഞു

പാചക വാതക വില കുറഞ്ഞു. 14.2 കിലോ സിലിണ്ടറിന് 120.50 രൂപയാണ് കുറഞ്ഞത്. ആഗോള എണ്ണവിലയിലുണ്ടായ കുറവാണ് കാരണം. ജനുവരി ഒന്ന് മുതൽ 689 രൂപയായിരിക്കും ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില. മുൻപ് 809.50 രൂപയായിരുന്നു. സബ്‌സിഡിയുള്ള സിലിണ്ടറിന് വില 500.90 രൂപയിൽ നിന്ന് 494.99 രൂപയായി കുറയും.

5. ഇറാന് രൂപയിൽ നൽകുന്ന എണ്ണവിലയ്ക്ക് നികുതി ഒഴിവാക്കി

നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയ്ക്ക് ഇന്ത്യ രൂപയിൽ നൽകുന്ന തുകയെ നികുതിയിൽ നിന്ന് ഒഴിവാക്കി. റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിത്ത്ഹോൾഡിങ് ടാക്സ് ആയി വൻതുകയാണ് സർക്കാർ ഈടാക്കിക്കൊണ്ടിരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it