ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.15

1. ട്രഷറി പലിശ കുറച്ചു

സർക്കാർ ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ വാർഷിക പലിശ നിരക്ക് വീണ്ടും കുറച്ചു. അര ശതമാനമാണ് കുറച്ചത്. ഒരു വർഷത്തിന് മേലുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.5 ശതമാനത്തിൽ നിന്ന് 8 ശതമാനമായും മറ്റുള്ളവർക്ക് 8 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായും പലിശ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

2. മൊത്തവില സൂചിക താഴത്തേക്ക്

മൊത്ത വില സൂചിക ആധാരമാക്കിയുള്ള നാണയപ്പെരുപ്പ തോത് നവംബറിൽ 4.64 ശതമാനത്തിലേക്ക് താഴ്ന്നു. മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്ധന വിലയിലെ കുറവും പച്ചക്കറിവില താഴ്ന്നതുമാണ് കാരണം. ഒക്ടോബറിൽ നാണയപ്പെരുപ്പ നിരക്ക് 5.28 ശതമാനമായിരുന്നു.

3. ജെറ്റിന്റെ എക്കൗണ്ട് ഫോറൻസിക് ഓഡിറ്റിന് നൽകാൻ എസ്ബിഐ

ജെറ്റ് എയർവെയ്‌സിന്റെ എക്കൗണ്ട് ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കാൻ എസ്ബിഐ തീരുമാനിച്ചു. ഏൺസ്റ്റ് & യങ്ങിനെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. കടം പുനഃക്രമീരിക്കേണ്ട സാഹചര്യമുണ്ടോ എന്ന് തീരുമാനിക്കുന്നതിനും മറ്റുമാണ് ഫോറൻസിക് ഓഡിറ്റ് നടത്തുന്നത്.

4. യുഎസ് വാഹങ്ങൾക്കുള്ള ഇറക്കുമതി തീരുവ ചൈന താൽക്കാലികമായി റദ്ദാക്കി

യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കും ഏർപ്പെടുത്തിയിരുന്ന തീരുവ ചൈന താൽക്കാലികമായി റദ്ദാക്കി. 90 ദിവസത്തേക്കാണ് ഇളവ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാനമായ ഇളവ് ചൈനീസ് ഉത്പന്നങ്ങൾക്കും അനുവദിച്ചതോടെയാണ് ഇത്. വ്യാപാരയുദ്ധത്തിൽ അയവ് വരുന്നതിന്റെ സൂചനയായിട്ടാണ് ലോകരാജ്യങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.

5. പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ശ്രീലങ്ക

പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന. എന്നാൽ ഒരുകാരണവശാലും റനിൽ വിക്രമസിംഗെയെ ആ സ്ഥാനത്തേയ്ക്ക് ക്ഷണിക്കുകയില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ശ്രീലങ്കൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it