ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; മാര്‍ച്ച് 23

1.ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 പിന്നിട്ടു

ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. ഞായറാഴ്ച മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം ഏഴായി. 24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. തൊട്ടുപിന്നില്‍ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

2.രാജ്യത്തെ പ്രധാന നഗരങ്ങള്‍ 31 വരെ അടച്ചിടും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം പ്രധാന നഗരങ്ങള്‍ 31 വരെ അടച്ചിടുകയാണ്. 80 ജില്ലകള്‍ ലോക് ഡൗണ്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

3.സൗദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി

സൗദിയില്‍ ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിക്കൊണ്ട് സല്‍മാന്‍ രാജാവ്് ഉത്തരവിറക്കി. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണ നടപടികളുടെ ഭാഗമായിട്ടാണ് വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ച ആറു വരെയുള്ള കര്‍ഫ്യൂ.അടുത്ത 21 ദിവസത്തേക്ക് കര്‍ഫ്യൂ തുടരും. ഇതിനിടെ സൗദിയില്‍ ഞായറാഴ്ച മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

4.യു.എ.ഇയില്‍ താമസയിടങ്ങളില്‍നിന്നും പുറത്തേക്കിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരോടും അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെ താമസയിടങ്ങളില്‍നിന്നും പുറത്തേക്കിറങ്ങരുതെന്ന് യു.എ.ഇ. ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങള്‍ക്കായി മാത്രമേ വീടിന് വെളിയിലേക്ക് ഇറങ്ങാവൂ എന്നും യു.എ.ഇ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

5.ഇറ്റലിയില്‍ മരണം 5500 ലേക്ക്

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ഇറ്റലിയില്‍ 651 പേര്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,476 ആയി. മുന്‍ദിവസത്തെ അപേക്ഷിച്ച് ഞായറാഴ്ച മരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച 793 പേരായിരുന്നു ഇറ്റിലിയില്‍ മരിച്ചത്. ഞായറാഴ്ച അത് 651 ആയി. ഇറ്റലി സര്‍ക്കാര്‍ യു.എസ്. സൈന്യത്തിന്റെ സഹായം തേടിയതായി യു.എസ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it