ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.19

1. രൂപയ്ക്ക് മികച്ച നേട്ടം

രൂപയുടെ വിനിമയ മൂല്യത്തിൽ വൻ വർധന. ഡിസംബർ 18 ന് 112 പൈസ വർധനവാണ് ഡോളറിനെതിരെ രൂപ കൈവരിച്ചത്. ഇത് അഞ്ച് വർഷത്തെ ഏറ്റവും മികച്ച നേട്ടമാണ്. ഡിസംബർ 19 നും രൂപ കയറ്റം തുടർന്നു. നിലവിൽ ഡോളറിനെതിരെ 69.89 എന്ന നിലയിലാണ്. എണ്ണവിലയിലുള്ള ഇടിവാണ് രൂപയ്ക്ക് താങ്ങാവുന്നത്.

2. റഷ്യയും യുഎസും ഉൽപാദനം കൂട്ടി; ആഗോള എണ്ണവില ഇടിഞ്ഞു

അന്താരാഷ്ട്ര വിപണിയിലെ എണ്ണവില ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. റഷ്യയും യുഎസും ഉൽപാദനം കൂട്ടിയതാണ് ഇതിന് കാരണം. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡ് വില 4 ശതമാനം കുറഞ്ഞ്‌ 57.29 ഡോളറിൽ എത്തി. പിന്നീട് അൽപം ഉയർന്നെങ്കിലും ബുധനാഴ്ച വീണ്ടും കുറഞ്ഞ്‌ 56.45 എന്ന നിലയിലെത്തി.

3. ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന് സൂചന നൽകി മോദി

രാജ്യത്തെ ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 99 ശതമാനം ഉൽപന്നങ്ങൾക്കും 18 ശതമാനത്തിൽ താഴെ നികുതി എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നികുതി പരിഷ്കരണവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4. അഞ്ച് ദിവസത്തേയ്ക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല

ക്രിസ്മസ്, ബാങ്ക് യൂണിയൻ സമരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ അഞ്ച് ദിവസത്തേയ്ക്ക് ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. ഡിസംബർ 21ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ രാജ്യ വ്യാപകമായി സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പിൻവലിക്കാൻ സാധ്യതയുണ്ട്. എന്നാൽ നാലാം ശനിയാഴ്ചയായ 22നും ഞായർ 23നും ബാങ്കുകൾക്ക് അവധിയാണ്. ഡിസംബർ 24 പ്രവൃത്തി ദിനമാണ്. 25ന് ക്രിസ്മസ് അവധി. 26 ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരം ആഹ്വാനം ചെയ്തിട്ടുണ്ട്.

5. പേടിഎം പേയ്മെന്റ്സ് ബാങ്ക്: 20 കോടി നഷ്ടം

2018 സാമ്പത്തിക വർഷത്തിൽ പേടിഎം പേയ്മെന്റ്സ് ബാങ്ക് 20 കോടി നഷ്ടം രേഖപ്പെടുത്തി. വരുമാനം 720 കോടി രൂപയാണ്. ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ് ഫോമായ ടോഫ്ലർ ആണ് വിവരങ്ങൾ പരസ്യപ്പെടുത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it