നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 3

1. ആർബിഐയ്ക്ക് തിരിച്ചടി: ഫെബ്രുവരി 12-ലെ സർക്കുലർ സുപ്രീംകോടതി റദ്ദാക്കി

ആർബിഐയുടെ കിട്ടാക്കടം തീർപ്പാക്കൽ സംബന്ധിച്ച 2018 ഫെബ്രുവരി 12-ലെ സർക്കുലർ സുപ്രീം കോടതി റദ്ദാക്കി. കടക്കെണിയിലായ കമ്പനികൾക്ക് ആശ്വാസമായെങ്കിലും പാപ്പരത്ത നടപടികളെ വിധി പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകർ പറയുന്നത്. സർക്കുലർ പുറത്തിറക്കിയതു വഴി ആർബിഐ തങ്ങളുടെ അധികാര പരിധി മറികടന്നുവെന്ന് ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

2. ഏലക്കയ്ക്ക് റെക്കോർഡ് വില

ഏലക്കയുടെ ശരാശരി വില റെക്കോർഡിൽ. സ്‌പൈസസ് ബോർഡിൻറെ നേതൃത്വത്തിൽ ഇന്നലെ നടന്ന ലേലത്തിലാണ് 1719 രൂപ ശരാശരി വിലയും 2201 രൂപ ഉയർന്ന വിലയുമാണ് രേഖപ്പെടുത്തിയത്. 2010-ൽ രേഖപ്പെടുത്തിയ 1708 രൂപയാണ് ഇതിനു മുൻപത്തെ ഉയർന്ന ശരാശരി വില.

3. റിയൽ എസ്റ്റേറ്റ്: മേയ് 10 വരെ ജിഎസ്ടി നിരക്ക് തെരഞ്ഞെടുക്കാൻ സമയം

റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് ജിഎസ്ടി പഴയ നിരക്കോ പുതിയ നിരക്കോ തെരഞ്ഞെടുക്കാൻ മേയ് 10 വരെ സമയം അനുവദിച്ചു. കഴിഞ്ഞ ജിഎസ്ടി കൗൺസിലിന്റെ തീരുമാനപ്രകാരം ഇൻപുട്ട് ടാക്സ് ക്രെഡിറ്റോടുകൂടിയ ഉയർന്ന ജിഎസ്ടി നിരക്കിൽ (പഴയ നിരക്ക്) തുടരണോ അതോ ഇൻപുട്ട് ടാക്സ് ക്രെഡിറ്റോടുകൂടിയ കുറഞ്ഞ പുതിയ നിരക്ക് തെരഞ്ഞെടുക്കണമോ എന്ന് കമ്പനികൾക്ക് തീരുമാനിക്കാം.

4. ഗൂഗിൾ ഇന്ത്യ മേധാവി രാജൻ ആനന്ദൻ സ്ഥാനമൊഴിഞ്ഞു

ഗൂഗിൾ ഇന്ത്യ മേധാവി രാജൻ ആനന്ദൻ സ്ഥാനമൊഴിഞ്ഞു. വെൻച്വർ കാപിറ്റൽ ഫണ്ടായ സെഖോയ ക്യാപിറ്റൽ ഇന്ത്യ വിഭാഗം മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കും. എട്ടുവർഷത്തോളം അദ്ദേഹം ഗൂഗിളിന്റെ ഭാഗമായിരുന്നു.

5. കർഷകരെ മുൻനിർത്തി കോൺഗ്രസ് പ്രകടനപത്രിക

കർഷകരുടെ ക്ഷേമം മുൻനിർത്തി കോൺഗ്രസ് പ്രകടനപത്രിക. കർഷകർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നാണ് വാഗ്ദാനം. അധികാരത്തിലെത്തിയാൽ കേന്ദ്രസർവീസിലെ നാലുലക്ഷം ഒഴിവുകൾ 2020-നകം നികത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കോഴിക്കോട് എത്തും. വ്യാഴാഴ്ച രാവിലെയാണ് പത്രിക സമര്‍പ്പിക്കുന്നതിനായി വയനാട് കളക്ട്രേറ്റിലേക്ക് പോകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it