ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 14

1.വില സൂചികയിലെ വര്‍ധന റിസര്‍വ്ബാങ്കിനും വെല്ലുവിളിയായേക്കും

ഉപഭോക്തൃ വിലസൂചികയിലെ വന്‍ വര്‍ധന സര്‍ക്കാരിനെന്ന പോലെ റിസര്‍വ് ബാങ്കിനും വെല്ലുവിളിയാകുമെന്ന് വിലയിരുത്തല്‍. റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിര്‍ണയമടക്കമുള്ള നയ രൂപീകരണത്തിനു പരിഗണിക്കുക ചില്ലറ വില്‍പ്പന വില ആധാരമാക്കിയുള്ള ഈ വിലക്കയറ്റത്തോതാണ്. കേന്ദ്ര ബജറ്റിനു തൊട്ടു പിന്നാലെ ഫെബ്രുവരി ആറിന് റിസര്‍വ്ബാങ്ക് നയപ്രഖ്യാപനം നടത്താനിരിക്കെ പുറത്തുവരുന്ന ഈ കണക്ക് വായ്പാ പലിശ കുറയ്ക്കാനുള്ള സാധ്യത കുറവാണെന്നാണ് കണക്കാക്കുന്നത്.

2. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ സപ്ലൈകോ വഴി വിതരണം ചെയ്യും

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി മുതല്‍ സപ്ലൈകോ വഴിയും വിപണനം ചെയ്യും. ഏപ്രില്‍ മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ വഴി നിര്‍മിക്കുകയാണ് ആദ്യഘട്ടം. മാരി ബ്രാന്‍ഡിലുളള കുടകളും വിതരണം ചെയ്യും.

3. ഫാസ്ടാഗില്ലാത്തവര്‍ക്ക് ഇനി ടോളിലൂടെ ഒരു വഴി മാത്രം

നാളെമുതല്‍ ടോളിലെ ഒരു ട്രാക്കിലൂടെ മാത്രം ഫാസ് ടാഗില്ലാതെ യാത്ര അനുവദിച്ചാല്‍ മതിയെന്നും കേന്ദ്ര ഗതാഗത വകുപ്പ്. കേരളത്തിലെ പ്രധാന ടോള്‍ ഗേറ്റുകളായ തൃശൂര്‍ പാലിയേക്കര ടോള്‍, കൊച്ചി- കുമ്പളം എന്നിവിടങ്ങളില്‍ ടോള്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. രണ്ട് തവണ നീട്ടി വയ്ക്കലിനുശേഷം വരുന്ന നടപടിയായതിനാല്‍ ഫാസ്ടാഗ് കര്‍ശനമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

4. രജിസ്റ്റര്‍ ചെയ്യാത്ത ഡ്രോണുകള്‍ ജനുവരി 31 ന് ശേഷം പറത്താനാവില്ല

സര്‍ക്കാര്‍ അറിയിപ്പ് അനുസരിച്ച് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത ഡ്രോണുകള്‍ പറത്തുന്നതിന് കര്‍ശന നടപടി. ജനുവരി 31 വരെ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാത്തവ ഉപയോഗിക്കാനാകുകയെന്നതാണ് ഇത് സംബന്ധിച്ച് ഡ്രോണ്‍ ഉടമകള്‍ക്കു നല്‍കുന്ന നിര്‍ദേശം. വാണിജ്യാടിസ്ഥാനത്തില്‍ മാത്രമല്ല സ്വകാര്യാവശ്യങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത ഡ്രോണുകള്‍ പറത്താനാകില്ല.

5. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി

ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.39-ല്‍ എത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it