നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 2  

തുടർച്ചയായ എട്ടാം മാസവും വാഹന വില്പന താഴോട്ട്: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

Corona virus impact on automakers
1. ജൂണിലെ ജിഎസ്ടി വരുമാനം 1 ലക്ഷം കോടിയിൽ താഴെ

നടപ്പു സാമ്പത്തിക വർഷത്തിലാദ്യമായി ജി​​എ​​സ്ടി വരുമാനം 1 ലക്ഷം കോടിയിൽ താഴെ. ജൂ​​ണി​​ൽ 99,939 കോ​​ടി രൂ​​പയാണ് ജി​​എ​​സ്ടി വരുമാനം. മേയിൽ 1,00,289 കോ​​ടി രൂ​​പ ലഭിച്ചിരുന്നു. ജൂണിൽ കേന്ദ്ര GST വരുമാനം 18,366 കോടിയും സംസ്ഥാന GST 25,343 കോടിയും ആണ്.

2. ഐഎൽ & എഫ്എസ് വിവാദം: ഐസിആർഎ എംഡി നിർബന്ധിത അവധിയിൽ

ഐഎൽ & എഫ്എസിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകും വരെ റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ മാനേജിങ് ഡയറക്ടർ നരേഷ് താക്കറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പുറത്തറിയുന്നതിന് തൊട്ടുമുൻപ് ഐഎൽ & എഫ്എസിന് AAA റേറ്റിംഗ് നൽകിയതിൽ എംഡിയ്ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം.

3. ‘എൻബിഎഫ്‌സികളെ നിയന്ത്രിക്കാൻ ആർബിഐയ്ക്ക് കൂടുതൽ അധികാരം വേണം’

രാജ്യത്തെ എൻബിഎഫ്‌സികളെ നിയന്ത്രിക്കാൻ ആർബിഐയ്ക്ക് കൂടുതൽ അധികാരം വേണമെന്ന് ശുപാർശ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന് കീഴിൽ കൂടുതൽ മേൽനോട്ട അധികാരം നല്കാൻ ആർബിഐ തന്നെയാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്.

4. തുടർച്ചയായ എട്ടാം മാസവും വാഹന വില്പന താഴോട്ട്

തുടർച്ചയായ എട്ടാം മാസവും രാജ്യത്തെ വാഹന വില്പനയിൽ ഇടിവ്. ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുകൾ നൽകിയിട്ടും കാർ, ടു-വീലർ വിൽപ്പനയിൽ ആശങ്കാജനകമായ ഇടിവാണ് ജൂൺ മാസത്തിൽ ഉണ്ടായിരിക്കുന്നത്. ഹോണ്ട, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട, മാരുതി, ഹ്യൂണ്ടായ്, മഹിന്ദ്ര തുടങ്ങിയ നിർമാതാക്കളുടെ വില്പനയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

5. 500 മില്യൺ ഡോളർ വിദേശ ഫണ്ട് സമാഹരിക്കാൻ ജിയോ

ഒപ്റ്റിക് ഫൈബർ വിപുലീകരണത്തിനും വരാനിരിക്കുന്ന സ്പെക്ട്രം വില്പനയ്ക്കും വേണ്ടി റിലയൻസ് ജിയോ ഇൻഫോകോം 500 മില്യൺ ഡോളർ (ഏകദേശം 3500 കോടി രൂപ)  വിദേശ ഫണ്ട് സമാഹരിക്കും. അഞ്ചര വർഷത്തെ കാലാവധിയുള്ളതാണ് ഈ വിദേശ വായ്പകൾ.

LEAVE A REPLY

Please enter your comment!
Please enter your name here