നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 7

1. ഗ്രാറ്റുവിറ്റിക്കുള്ള നികുതി ഒഴിവ് പരിധി ഇരട്ടിയാക്കി

ഗ്രാറ്റുവിറ്റിക്കുള്ള നികുതി ഒഴിവ് പരിധി ഇരട്ടിയായി വർധിപ്പിച്ച് 20 ലക്ഷം രൂപയാക്കി. വിരമിക്കാൻ പോകുന്നവരും കഴിഞ്ഞ 12 മാസത്തിനിടയിൽ വിരമിച്ചവരുമായ ലക്ഷക്കണക്കിന് ശമ്പള വരുമാനക്കാർക്ക് ഗുണകരമായ നീക്കമാണിത്. ഇൻകം ടാക്സ് ആക്ട് സെക്ഷൻ 10(10)(iii) പ്രകാരമാണ് ഗ്രാറ്റുവിറ്റിക്ക് നികുതി ഒഴിവ് നൽകുന്നത്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വരിക എന്നത് വ്യക്തമല്ല.

2. ലോകത്തേറ്റവും വിലകുറഞ്ഞ മൊബൈൽ ഡേറ്റ ഇന്ത്യയിൽ

ലോകരാജ്യങ്ങളിൽ വെച്ച് ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഡേറ്റ ലഭ്യമാകുന്നത് ഇന്ത്യയിലാണെന്ന് യുകെ ആസ്ഥാനമായ ഗവേഷക പോർട്ടൽ കേബിൾ. ഒരു ജിഗാബൈറ്റ് ഡേറ്റയ്ക്ക് ഇന്ത്യയിൽ 0.26 ഡോളറാണ്. യുകെയിൽ 6.66 ഡോളറും യുഎസിൽ 12.37 ഡോളറുമാണ്. 2018 ഒക്ടോബർ-നവംബർ കാലയളവിൽ 230 രാജ്യങ്ങളിലെ 6,313 മൊബൈൽ ഡേറ്റ പ്ലാനുകൾ താരതമ്യം ചെയ്താണ് പഠനം നടത്തിയത്.

3. യൂസഫലി അതിസമ്പന്നനായ മലയാളി

470 കോടി ഡോളറിന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അതിസമ്പന്നരായ മലയാളികളിൽ ഒന്നാമത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയിൽ ഇത്തവണ എട്ടു മലയാളികളുണ്ട്. ഇന്ത്യക്കാരായ അതിസമ്പന്നരിൽ ആദ്യ ഇരുപതിൽ ഇടംപിടിച്ച ഒരേയൊരു മലയാളിയാണ് യൂസഫലി. ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളിൽ രണ്ടാം സ്ഥാനത്ത്.

4. ഇറക്കുമതി ഇളവുകൾ വെട്ടിക്കുറച്ച യുഎസ് നടപടിയ്ക്കെതിരെ ഇന്ത്യ

ഇറക്കുമതി ഇളവുകൾ വെട്ടിക്കുറച്ച യുഎസ് നടപടിയ്ക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കും. ഇന്ത്യയ്ക്ക് വ്യാപാര രംഗത്ത് നൽകിയിരുന്ന മുൻഗണന കഴിഞ്ഞ ദിവസം യുഎസ് റദ്ദാക്കിയിരുന്നു. 5.6 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപന്നങ്ങളാണ് ജിഎസ്‌പി അനുകൂല്യത്തിന്റെ കീഴിൽ ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

5. നോട്ടു നിരോധന സമയത്ത് വൻ തുകകൾ ബാങ്കിൽ നിക്ഷേപിച്ച 87,000 പേർക്കെതിരെ നടപടി

നോട്ടു നിരോധന സമയത്ത് വലിയ തുകകൾ ബാങ്കിൽ നിക്ഷേപിച്ച 87,000 പേരുടെ പട്ടിക തയ്യാറാക്കി ഇൻകം ടാക്സ് വകുപ്പ്. നിരോധിച്ച നോട്ടുകൾ ബാങ്കിൽ നിന്ന് ഇവർ മാറിയെടുത്തിട്ടുണ്ട്. ഇത് വലിയ തുകകളുമാണ്. എന്നാൽ ഇതിനൊന്നും ഇതുവരെ നികുതി അടച്ചിട്ടുമില്ല. ഇക്കൂട്ടർക്കെതിരെ നടപടി ആരംഭിക്കാൻ പ്രത്യക്ഷ നികുതി വകുപ്പ് നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it