ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.12

1. ശക്തികാന്ത ദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയും ധനകാര്യ കമ്മിഷന്‍ അംഗവുമാണ് അദ്ദേഹം. ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. മൂന്നു വര്‍ഷത്തേക്കാണു കാലാവധി.

2. എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതിയിളവ്

റിട്ടയര്‍ ചെയ്യുമ്പോള്‍ എന്‍പിഎസില്‍നിന്ന് പിന്‍വലിക്കുന്ന മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചു. വിരമിക്കുന്ന സമയത്ത് 60 ശതമാനം തുകയാണ് നിക്ഷേപകന് ലഭിക്കുക. ഈ തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുക. ബാക്കിയുള്ള 40 ശതമാനം തുക പെന്‍ഷന്‍ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണം.

3. കൊച്ചി ബിനാലെ ഇന്ന് തുടങ്ങും

കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാം ലക്കത്തിന് ഇന്ന് കൊടിയേറും. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 108 ദിവസം നീണ്ടു നില്‍ക്കുന്ന സമകാലീന കലാ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ക്യൂറേറ്റര്‍ അനിത ദുബെ ബിനാലെ പതാകയുയര്‍ത്തും. 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരൻമാരാണ് ഇത്തവണ ബിനാലെയില്‍ പങ്കെടുക്കുന്നത്.

4. ശ്രീറാം വെങ്കട്ടരാമൻ പുതിയ ഫ്ളിപ്കാർട്ട് സിഒഒ

ഫ്ളിപ്കാർട്ടിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയി (സിഒഒ) ശ്രീറാം വെങ്കട്ടരാമൻ നിയമിതനായി. നിലവിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ശ്രീറാം സിഒഒയുടെ അധികചുമതയായിരിക്കും വഹിക്കുക. ഒന്നര വർഷത്തോളമായി സിഒഒയുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു.

5. റെനോ വാഹന വില ഉയർത്തുന്നു

റെനോ വാഹനവില ഉയർത്തും. ജനുവരി മുതൽ 1.5 ശതമാനം വരെ വിലവർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉല്പാദന ചെലവ് കൂടിയതും രൂപയുടെ മൂല്യമിടിഞ്ഞതുമാണ് കമ്പനി കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it