നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 24

1. റിലയൻസ് കാപിറ്റൽ മ്യുച്വൽ ഫണ്ട് ബിസിനസ് അവസാനിപ്പിച്ചു

മ്യുച്വൽ ഫണ്ട് ബിസിനസ് അവസാനിപ്പിക്കാൻ റിലയൻസ് കാപിറ്റൽ. റിലയൻസ് നിപ്പോൺ ലൈഫ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡിലെ 42.88 ശതമാനം ഓഹരിയും ജപ്പാൻ കമ്പനി നിപ്പോൺ ലൈഫ് ഇൻഷുറൻസിന് വിൽക്കും. 6000 കോടി രൂപയുടേതാണ് ഇടപാട്.

2. ഓഹരി വിപണിയില്‍ നേട്ടം

എന്‍ഡിഎയുടെ വിജയത്തെത്തുടര്‍ന്ന് വ്യാഴാഴ്ച സെന്‍സെക്‌സ് 40,000 കടന്നെങ്കിലും വൈകീട്ടോടെ വിപണിയിൽ ഇടിവ് നേരിട്ടു. എന്നാല്‍ തൊട്ടടുത്ത ദിവസമായ ഇന്ന് ഓഹരി വിപണി വീണ്ടും ഉണര്‍ന്നു. സെന്‍സെക്‌സ് 245 പോയന്റ് നേട്ടത്തില്‍ 39056ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 11725ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 ഓഹരികള്‍ നഷ്ടത്തിലുമാണ്.

3. എയർ ട്രാഫിക് കുറഞ്ഞു, 6 വർഷത്തിൽ ഇതാദ്യം

ഏപ്രിലിൽ എയർ ട്രാഫിക് കുറഞ്ഞു 2 ശതമാനം കുറഞ്ഞു. ആറു വർഷത്തിൽ ആദ്യമായാണ് ഇടിവ്. 11.3 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര സർവീസുകൾ ഉപയോഗിച്ചത്. ഏപ്രിൽ 17 മുതൽ ജെറ്റ് എയർവേയ്സ് പ്രവർത്തനം നിർത്തിയത് വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയായി.

4. ജി20, ജി7 ഉച്ചകോടികളിൽ വ്യാപാര യുദ്ധം ചർച്ചയാകും

അധികാരമേറ്റ് 6 മാസത്തിനുള്ളിൽ ജി20, ജി7 ഉച്ചകോടികളുൾപ്പെടെ നിരവധി വിദേശ സമ്മേളനങ്ങളിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയ്ക്ക് പങ്കെടുക്കേണ്ടതായിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയാണ് ഇതിലാദ്യത്തേത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാര യുദ്ധം ചർച്ചയാകും.

5. മുതിർന്ന പൗരന്മാർക്ക് സ്രോതസ്സിൽ നിന്ന് നികുതി ഒഴിവാക്കാം

60 വയസിൽ കൂടുതൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് വരുമാനം 5 ലക്ഷം വരെയാണെങ്കിൽ സ്രോതസ്സിൽ നിന്ന് നികുതി ഒഴിവാക്കാം. ഇതിനായി ഫോം 15 H സമർപ്പിക്കണം. ഇതുവരെയുള്ള പരിധി 2.5 ലക്ഷം രൂപയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it