നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 31

രാജ്യം 7.1 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഫിക്കി

2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.1 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും തൊട്ടടുത്ത വര്‍ഷം ഇത് 7.2 ശതമാനം ആകുമെന്നും വ്യവസായ വാണിജ്യ സംഘടനയായ ഫിക്കി. ഏറ്റവും കുറഞ്ഞ വളര്‍ച്ച 6.8 ശതമാനവും കൂടിയ വളര്‍ച്ച 7.3 ശതമാനവുമായിരിക്കുമെന്നും ഫിക്കി 2019 മെയില്‍ നടത്തിയ സര്‍വെ ഫലങ്ങള്‍ പറയുന്നു. കാര്‍ഷിക വളര്‍ച്ച ഇക്കൊല്ലം മൂന്നു ശതമാനം ആയിരിക്കും.

ഇനി ഒരു മൗസ് ക്ലിക്കില്‍ ഫാക്ടറി ലൈസന്‍സുകള്‍

ഫാക്ടറി കെട്ടിടം നിര്‍മിക്കാനുള്ള പെര്‍മിറ്റ്, പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് എന്നിവ ഇനിയൊരു മൗസ് ക്ലിക്കില്‍ ലഭിക്കും. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ ഓഫീസുകളിലെ ചെല്ലാതെ തന്നെ ഏതൊരു ഫാക്ടറി ഉടമയ്ക്കും ഈ സേവനങ്ങള്‍ കെ സ്ഫിറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലഭ്യമാകും. അപേക്ഷാ ഫീസും ഓണ്‍ലൈനായി അടയ്ക്കാം. നിലവില്‍ ലൈസന്‍സ് ലഭിക്കുന്നതിന്റെ പത്തിലൊന്ന് സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഡിജിറ്റല്‍ ഒപ്പോടെ ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകും.

അക്കൗണ്ട് തുറക്കാന്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍

ബാങ്ക് അക്കൗണ്ട് തുടങ്ങാനും ബാങ്കിലെ മറ്റ് തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി ആധാര്‍ സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചറിയല്‍ രേഖകളുടെ പുതുക്കിയ പട്ടികയിലാണ് ഇടപാടുകാരുടെ സമ്മതത്തോടെ ആധാര്‍ സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. ആധാര്‍ നമ്പര്‍ ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ രീതിയിലോ അല്ലാതെയോ കെവൈസി(know your customer)രേഖയായി ഉപയോഗിക്കാം.

ബൈജൂസിന്റെ വരുമാനം മൂന്നു മടങ്ങ്വര്‍ധിച്ച് 1430 കോടി രൂപയായി

എഡ്യുക്കേഷന്‍ ആപ്പായ ബൈജൂസിന്റെ വരുമാനം മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൂന്നിരട്ടിയായി വര്‍ധിച്ച് 1430 കോടി രൂപയിലെത്തി.

പൂര്‍ണ വര്‍ഷത്തില്‍ കമ്പനി ലാഭത്തിലേക്ക് എത്തിയതായും അധികൃതര്‍ അവകാശപ്പെടുന്നു. 2018 സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് 29 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 24 ദശലക്ഷമായി വര്‍ധിച്ചെന്നും കമ്പനി അധികൃതര്‍ പറയുന്നു

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ 22.2 കോടി ഡോളര്‍ നിക്ഷേപം

ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഇന്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐ.എഫ്.സി) ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയില്‍ 22.2 കോടി ഡോളര്‍ നിക്ഷേപിച്ചു. ഗ്രാമീണ മേഖലയിലേയും അര്‍ധ-നഗര പ്രദേശങ്ങളിലേയും ചെറുകിട, മൈക്രോ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഐ.എഫ്.സിയുടെ വക 9.2 കോടി ഡോളറും ഫസ്റ്റ് അബുദാബി ബാങ്കില്‍ നിന്നും അഞ്ച് കോടി ഡോളറും എം.യു.എഫ്.ജി ബാങ്കില്‍ നിന്നും അഞ്ച് കോടി ഡോളറും നാഷണല്‍ ബാങ്ക് റാസല്‍ ഖൈമ പി.ജി.എസില്‍ നിന്ന് രണ്ട് കോടി ഡോളറും സി.ടി.ബി.സിയില്‍ നിന്ന് ഒരു കോടി ഡോളറും ചേര്‍ന്നതാണ് നിക്ഷേപം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it