നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 4

1. വിദേശ നിക്ഷേപ വളർച്ച 15 മാസത്തെ ഉയരത്തിൽ

വിദേശ നിക്ഷേപകർ ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ നിക്ഷേപിച്ചത് 17,220 കോടി രൂപ. ഇത് നവംബർ 2017 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപമാണ്. 2017 നവംബറിൽ ഇന്ത്യൻ സ്റ്റോക്കുകളിൽ വിദേശത്തുനിന്നും എത്തിയ നിക്ഷേപം 19,728 കോടി രൂപയായിരുന്നു. കഴിഞ്ഞ മാസം ഓഹരി വിപണിയിലെത്തിയ വിദേശ നിക്ഷേപം 11,183 കോടി രൂപയായിരുന്നു.

2. ജെറ്റ് എയർവേയ്സ് നിർത്തലാക്കിയത് 23 വിമാനങ്ങൾ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജെറ്റ് എയർവേയ്സ് രണ്ട് വിമാനങ്ങൾ കൂടി നിർത്തലാക്കിയതോടെ മൊത്തം റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 23 ആയി. ലീസിന് എടുത്തിരുന്ന വിമാനങ്ങളുടെ വാടകയിൽ കുടിശിക വരുത്തിയതോടെയാണ് സർവീസുകൾ തുടരെത്തുടരെ നിർത്തലാക്കേണ്ടി വന്നത്. കമ്പനിക്ക് ആകെയുള്ള ഫ്‌ളീറ്റിന്റെ 20 ശതമാനം എയർക്രാഫ്റ്റും ഇപ്പോൾ നിലത്തിറക്കിയിരിക്കുകയാണ്.

3. വിദ്യാഭ്യാസത്തിനായുള്ള ചെലവിടൽ 4.6 ശതമാനമായി ഉയർന്നു

വിദ്യാഭ്യാസത്തിനായുള്ള സർക്കാരിന്റെ പണം ചെലവഴിക്കൽ ജിഡിപിയുടെ 4.6 ശതമാനമായി ഉയർന്നെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. 2014-ൽ ഇത് 3.8 ശതമാനമായിരുന്നു. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഡിപിയുടെ 6 ശതമാനം തുകയെങ്കിലും വിദ്യാഭ്യാസത്തിനായി മാറ്റിവെക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

4. മുദ്രാ വായ്പ ടാർജറ്റ് നേടാൻ ബാങ്കുകൾ 1 ലക്ഷം കോടി രൂപ വായ്പ നൽകണം

2019 സാമ്പത്തിക വർഷത്തെ മുദ്രാ വായ്പ സ്കീം ടാർജറ്റ് നേടണമെങ്കിൽ ബാങ്കുകൾ അപേക്ഷകർക്ക് 1 ലക്ഷം കോടി രൂപ വായ്പ നൽകേണ്ടതായി വരും. ഈ സാമ്പത്തിക വർഷം തീരാൻ ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. ഫെബ്രുവരി 22 ലെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ 2 ലക്ഷം കോടി രൂപ വായ്പയാണ് നൽകിയിരിക്കുന്നത്. 3 ലക്ഷം കോടിയാണ് ടാർജറ്റ്.

5. കെഎസ്ആർടിസിയ്ക്ക് ഇനി ജിപിആർഎസ്-അധിഷ്ഠിത ടിക്കറ്റ് മെഷീനുകൾ

കെഎസ്ആർടിസി ജിപിആർഎസ്-അധിഷ്ഠിത ടിക്കറ്റ് മെഷീനുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ഈ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾക്ക് ബ്ലൂടൂത്ത് സംവിധാനവുമുണ്ടാകും. 7000 മെഷീനുകളാണ് വാങ്ങുക. ടെക്‌നിക്കൽ ബിഡ് ശനിയാഴ്ച ആരംഭിച്ചപ്പോൾ മൂന്ന് കമ്പനികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് 6 മുതൽ 8 വരെ ലൈവ് ഡെമോൺട്രേഷൻ നടത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it