നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 15

1. ജെറ്റ് എയർവേയ്സ് റെസ്ക്യൂ പ്ലാൻ അനിശ്ചിതത്വത്തിൽ

ജെറ്റ് എയർവേയ്സിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബാങ്കുകൾ മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാതെ എത്തിഹാദ്. എത്തിഹാദ് ബോർഡിന്റെ അബുദാബിയിൽ നടന്ന ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമായില്ല. അതേസമയം ചെയർമാൻ നരേഷ് ഗോയലിന്റെ ഓഹരിപങ്കാളിത്തം 22 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു വ്യവസ്ഥ എടുത്തുകളയണമെന്ന ഗോയലിന്റെ ആവശ്യവും ബോർഡിലെ ചില അംഗങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല.

2. നീരവ് മോദി യുകെയിൽ എത്തിയത് നിക്ഷേപകർക്ക് ലഭിക്കുന്ന പ്രത്യേക വിസയിൽ

വിവാദ വജ്രവ്യാപാരി നീരവ് മോദി യുകെയിൽ എത്തിയത് നിക്ഷേപകർക്ക് ലഭിക്കുന്ന പ്രത്യേക ഗോൾഡൻ വിസയിൽ. യുകെ ഗവണ്മെന്റ് ബോണ്ടുകളിലോ കമ്പനികളിലോ 2 മില്യൺ പൗണ്ട് നിക്ഷേപിക്കാൻ തയ്യാറാകുന്ന യൂറോപ്യൻ യൂണിയന് പുറത്തുള്ള നിക്ഷേപകർക്ക് നൽകുന്ന വിസയാണ് ടിയർ-1 ഇൻവെസ്റ്റർ വിസ. മോദിയുടെ ഇന്ത്യൻ പാസ്പോർട്ടിന്മേലാണ് വിസ അനുവദിച്ചിരിക്കുന്നത്.

3. മിന്ത്രയുടെ ഓഫ്‌ലൈൻ സ്റ്റോറുകൾ പൂട്ടുന്നു

ഫ്ലിപ്കാർട്ടിന്റെ ഫാഷൻ ഓൺലൈൻ സ്റ്റോറായ മിന്ത്രയുടെ രണ്ട് ഓഫ്‌ലൈൻ സ്റ്റോറുകൾ പൂട്ടി. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ നഷ്ടം നേരിട്ട രണ്ട് സ്റ്റോറുകളാണ് പൂട്ടിയത്. കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ വാൾമാർട്ടിന്റെ പുതിയ സ്ട്രാറ്റജിക്കനുസരിച്ചാണ് ഓഫ്‌ലൈൻ സ്റ്റോറുകൾ അടച്ചത് എന്നാണ് റിപോർട്ടുകൾ.

4. ഡെബിറ്റ് കാർഡ് ഉപയോഗത്തിൽ 50 ശതമാനം വർധന

രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 50 ശതമാനം വർധിച്ചു. റിസർവ് ബാങ്ക് ഡേറ്റയെ അധികരിച്ച് വിസ ഗ്രൂപ്പാണ് വിവരങ്ങൾ പുറത്തുവിട്ടത്. പേയ്‌മെന്റ് കാർഡുകൾ, വാലറ്റുകൾ, മൊബൈൽ ബാങ്കിങ്‌ എന്നിവ ഡിജിറ്റൽ ഇടപാടുകളിൽ ഉൾപ്പെടും. ഇന്ത്യയിൽ 950 ദശലക്ഷം ഡെബിറ്റ് കാർഡാണുള്ളത്. പി.ഒ.എസ്. ഉപയോഗവും ഉയർന്നുകൊണ്ടിരിക്കുകയാണ്.

5. സാമൂഹ്യ പ്രവർത്തനങ്ങൾക്കായി 52,750 കോടി നീക്കിവെച്ച് അസീം പ്രേംജി

വിപ്രോയുടെ 34 ശതമാനം ഓഹരി വിഹിതം കൂടി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി അസിം പ്രേംജി ഫൗണ്ടേഷന്‍ സ്ഥാപകനും വിപ്രോ ചെയര്‍മാനുമായ അസിം പ്രേംജി നീക്കിവെച്ചു. 52,750 കോടി രൂപ വരുമിത്. ഇതോടെ ഇത്തരം പ്രവർത്തനങ്ങൾക്കായി വിപ്രോ നീക്കിവെച്ചത് ആകെ 67 ശതമാനമായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it