ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 17

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ത്രൈമാസ അറ്റാദായത്തില്‍ എട്ടു ശതമാനം വര്‍ധന; കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ത്രൈമാസ അറ്റാദായത്തില്‍ എട്ടു ശതമാനം വര്‍ധന

2019 ഡിസംബര്‍ അവസാനിച്ച പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 7.98 ശതമാനം ഉയര്‍ന്ന് 90.54 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 83.85 കോടി രൂപയായിരുു. മൊത്തം പ്രവര്‍ത്തന വരുമാനം 13.38 ശതമാനം ഉയര്‍ന്ന് 1967.31 കോടി രൂപയായി. 2018 ഡിസംബറില്‍ അവസാനിച്ച മുന്‍ പാദത്തില്‍ 1735.16 കോടി രൂപയായിരുന്നു.

2. ടെലികോം കമ്പനികളുടെ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി; എ.ജി.ആര്‍ ഉത്തരവ് റദ്ദാക്കില്ല

ടെലികോം കമ്പനികള്‍ അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) ഫീസ് കുടിശികയായി കേന്ദ്ര സര്‍ക്കാരിന് 1.02 ലക്ഷം കോടി രൂപ ഉടന്‍ വീട്ടണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസസ് എന്നിവ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടൊപ്പം കുടിശിക ജനുവരി 23നകം വീട്ടണമെന്നും നിര്‍ദേശിച്ചു.

3. പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് പുതിയ ദൂരപരിധിയുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നുവെന്ന ആശങ്കകളുടെ പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് പുതിയ നിബന്ധന. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇന്ധന വിതരണ കമ്പനികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവന്നിരിക്കുന്നത്. ഇത് പ്രകാരം പുതുതായി ആരംഭിക്കുന്ന പെട്രോള്‍ പമ്പുകള്‍ സ്‌കൂള്‍, ആശുപത്രി, വീടുകള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ ദൂരത്തിലായിരിക്കണം സ്ഥാപിക്കേണ്ടത്.

4. വിദേശനിക്ഷേപകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വ്യാപാര തര്‍ക്ക പരിഹാരത്തിനു പുതിയ സംവിധാനം വരും

ഇന്ത്യയില്‍ വിദേശനിക്ഷേപകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വ്യാപാരതര്‍ക്കങ്ങളും കേസുകളും അതിവേഗം പരിഹരിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. ഇതിനായി നിയമനിര്‍മാണം നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നാല്‍പത് പേജുകളുള്ള നിയമത്തിന്റെ കരട് രൂപത്തില്‍ വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്്ഥാപിക്കാനും മീഡിയേറ്ററെ നിയമിക്കാനുമാണ് വ്യവസ്ഥ ചെയ്യുന്നത്. ഇന്ത്യയില്‍ വ്യാപാര തര്‍ക്കം സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ രാജ്യത്തെ നിക്ഷേപം നടത്തുന്നതില്‍ നിന്നും വിദേശ വ്യവസായികളെ അകറ്റുന്നതായാണ് വിലയിരുത്തല്‍.

5. ദമാമിലേക്ക് ഇന്ത്യയില്‍ നിന്ന് മൂന്ന് ഇന്‍ഡിഗോ സര്‍വീസുകള്‍

ദമാമിലേക്ക് ഇന്ത്യയില്‍ നിന്ന് മൂന്ന് സര്‍വീസുകള്‍ ഇന്റിഗോ പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ നിന്ന് ഫെബ്രുവരി 16 നാണ് കമ്പനി തങ്ങളുടെ 87 മത്തെ വിമാനത്താവളത്തിലേക്കുള്ള ആദ്യത്തെ സര്‍വ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈകാതെ തിരുവനന്തപുരത്ത് നിന്നും മുംബൈയില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. ദമാമിനെ തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ദിവസം പത്ത് സര്‍വീസുകള്‍ നടത്താനാണ് ഇന്‍ഡിഗോയുടെ തീരുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here