ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 27

ആദായനികുതി, ജിഎസ്ടി റിട്ടേണുകളിലെ പൊരുത്തക്കേടുള്ളതിനാല്‍ അയ്യായിരം എസ്എംഇ കമ്പനികള്‍ക്കെതിരെ അന്വേഷണം; കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

GST 4
1. ആദായനികുതി, ജിഎസ്ടി റിട്ടേണുകളിലെ പൊരുത്തക്കേട്: അയ്യായിരം ഇടത്തരം ചെറുകിട കമ്പനികള്‍ക്കെതിരെ അന്വേഷണം

അയ്യായിരത്തോളം ഇടത്തരം ചെറുകിട കമ്പനികളുടെ 2018-19 ലെ ആദായനികുതി പ്രഖ്യാപനങ്ങളും ജിഎസ്ടി റിട്ടേണുകളും തമ്മിലുള്ള പൊരുത്തക്കേട് അന്വേഷിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) നിര്‍ദ്ദേശിച്ചു. ഈ സ്ഥാപനങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമാക്കാനാണു നീക്കം.

2. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന നഷ്ടം കുറഞ്ഞു

സ്വകാര്യവത്കരണത്തിന്റെ പടിവാതിലില്‍ നില്‍ക്കുന്ന എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന നഷ്ടം നടപ്പുവര്‍ഷത്തെ ആദ്യ ഒമ്പതു മാസക്കാലയളവില്‍ 40 ശതമാനം കുറഞ്ഞു. മുന്‍വര്‍ഷത്തെ സമാന കാലയളവിലെ 1,960 കോടി രൂപയില്‍ നിന്ന് 1,045 കോടി രൂപയായാണ് പ്രവര്‍ത്തനം നഷ്ടം താഴ്ന്നത്.

3. ജിഎസ്ടി കുടിശിക: കേന്ദ്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക്

ജിഎസ്ടി കുടിശിക തീര്‍ത്ത് നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സമാനമായ പ്രശ്നം അനുഭവിക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് നിയമ നടപടി ആലോചിക്കുന്നതെന്നും തോമസ് ഐസക് അറിയിച്ചു.

4. ഫെബ്രുവരി നാലുമുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസുടമകള്‍

വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഫെബ്രുവരി നാലുമുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസുടമ സംയുക്ത സമരസമിതി ഭാരവാഹികള്‍. മിനിമം ചാര്‍ജ് പത്തു രൂപയും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് മിനിമം അഞ്ചു രൂപയുമാക്കണമെന്നാണ് പ്രധാന ആവശ്യം. കിലോമീറ്ററിന് നിരക്ക് 90 പൈസയായി വര്‍ധിപ്പിക്കുകയും വേണം.

5. ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരിച്ച് 40 രുപയാക്കും

കേരളത്തിന്റെ ആറു പ്രതിവാര ലോട്ടറി ടിക്കറ്റുകളുടെ വില 30 -ല്‍നിന്ന് 40 രൂപയാക്കും. 50 രൂപ വിലയുള്ള കാരുണ്യലോട്ടറിയുടെ വില 40 രൂപയായി കുറയ്ക്കും. ലോട്ടറി സമ്മാനഘടന പരിഷ്‌കരിക്കാനും തീരുമാനിച്ചു. ലോട്ടറി ടിക്കറ്റുകളുടെ മൂല്യവര്‍ധിതനികുതി 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here