ഇന്ന് നിങ്ങൾ അറിയേണ്ട 5 പ്രധാന ബിസിനസ് വാർത്തകൾ ; 13 സെപ്റ്റംബര്‍

1. ചില ഉല്‍പ്പന്നങ്ങളുടെ അധിക തീരുവ ചൈന പിന്‍വലിച്ചു

അമേരിക്ക- ചൈന വാണിജ്യ യുദ്ധത്തില്‍ നേരിയ ഇളവു വരുത്തുന്നതിനു സാഹചര്യമൊരുക്കിക്കൊണ്ട് , ഏതാനും ഉല്‍പ്പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ ചൈന പിന്‍വലിച്ചു. സമുദ്രോല്‍പ്പന്നങ്ങളും കാന്‍സര്‍ ചികില്‍സിക്കുന്നതിനുള്ള മരുന്നുകളും മറ്റുമാണ് പട്ടികയിലുള്ളത്. കാര്‍ഷിക വസ്തുക്കള്‍ക്ക് ഇളവു വരുത്തിയിട്ടില്ല.

2. വ്യാവസായിക ഉത്പാദന വളര്‍ച്ച ഭേദപ്പെട്ടു

ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളര്‍ച്ച ജൂലൈയില്‍ 4.3 ശതമാനമായി. കഴിഞ്ഞ എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാവസായിക ഉത്പാദന വളര്‍ച്ചയാണിത്. ജൂണില്‍ 2.0 ശതമാനം മാത്രമായിരുന്നു വ്യാവസായിക ഉത്പാദനത്തിലെ വര്‍ധന.രാജ്യത്തെ പ്രധാന വ്യവസായ മേഖലകളിലെ ഉത്പാദനം വര്‍ധിച്ചതാണ് മേഖലയിലെ മൊത്തം വളര്‍ച്ചയില്‍ പ്രതിഫലിച്ചത്.അതേസമയം, 2018 ജൂലായില്‍ 6.5 ശതമാനമായിരുന്നു.

3. കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ സബ്സിഡി നല്‍കണമെന്ന് വിദഗ്ധസമിതിയുടെ ശുപാര്‍ശ

സുരക്ഷിതവും സുസ്ഥിരവുമായ കാര്‍ഷികോത്പാദനത്തിന് കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപ സബ്സിഡി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യലയം നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. വിളകളുടെ ചുരുങ്ങിയ താങ്ങുവില ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4. ഓഗസ്റ്റിലെ പണപ്പെരുപ്പം 3.1 ശതമാനം

രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള (സി പി ഐ) റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റില്‍ 3.1 ശതമാനമായി വര്‍ദ്ധിച്ചു. കഴിഞ്ഞ പത്തു മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ജൂലൈയില്‍ 3.15 ശതമാനവും 2018 ഓഗസ്റ്റില്‍ 3.69 ശതമാനമായിരുന്നു പണപ്പെരുപ്പം.

5. ഗതാഗത നിയമലംഘനത്തിന് കൂട്ടിയ പിഴ റദ്ദാക്കണമെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍

ഗതാഗത നിയമലംഘനത്തിന് കൂട്ടിയ പിഴ കുറയ്ക്കണമെന്ന ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. പിഴ കുറയ്ക്കണമെന്ന് ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയും ഗോവയും ബിഹാറും കര്‍ണാടകയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റോഡ് നന്നാക്കാതെ പിഴ ഉയര്‍ത്തുന്നത് ധാര്‍മികമല്ലെന്നും റോഡ് നന്നാക്കിയ ശേഷം ജനുവരിയില്‍ പിഴ ഉയര്‍ത്തുന്നത് ആലോചിക്കുമെന്നും ഗോവ ഗതാഗതമന്ത്രി പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it