ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 14

അശ്വനി ലൊഹാനി വീണ്ടും എയർ ഇന്ത്യ മേധാവി, കുടുംബശ്രീ ഉൽപന്നങ്ങൾ ആമസോൺ വഴി: പ്രധാന ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ

1. കൊച്ചിയിൽ നിക്ഷേപിക്കാൻ താല്പര്യമറിയിച്ച് അബുദാബി എണ്ണക്കമ്പനി

കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സിൽ നിക്ഷേപിക്കാൻ താല്പര്യമറിയിച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC). മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സഹമന്ത്രിയും അഡ്‌നോക് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സംസ്ഥാനവും അഡ്നോക്കും ചേർന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.

2. അശ്വനി ലൊഹാനി വീണ്ടും എയർ ഇന്ത്യ മേധാവി

അശ്വനി ലൊഹാനിയെ വീണ്ടും എയർ ഇന്ത്യ മേധാവിയായി നിയമിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. റെയിൽവേ ബോർഡ് ചെയർമാനായിരുന്ന ലൊഹാനി 2015 ഓഗസ്റ്റ് മുതൽ 2017 ഓഗസ്റ്റ് വരെ എയർ ഇന്ത്യയുടെ സിഎംഡി ആയിരുന്നു ലൊഹാനി. എയർ ഇന്ത്യയെ ലാഭത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്.

3. കുടുംബശ്രീ ഉൽപന്നങ്ങൾ ആമസോൺ വഴി

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമായ ആമസോൺ വഴി വിൽക്കാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ ആമസോൺ കുടുംബശ്രീ ഉൽപന്നങ്ങളുടെ ഡിസ്‌പ്ലെ ആരംഭിച്ചിട്ടുണ്ട്. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റും ഉത്പന്നങ്ങൾക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. ആമസോണുമായി ധാരണാപത്രം ഒപ്പുവെക്കുന്നതോടെ കൂടുതൽ ഉൽപന്നങ്ങൾ വിൽപ്പനക്ക് എത്തിക്കാനാവുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.

4. ചെറിയാൻ ജോർജ് ഹാരിസൺസ് ഡയറക്ടർ

ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ ഡയറക്ടറായി ചെറിയാൻ എം ജോർജിനെ നിയമിച്ചു. ഏഴ് തേയിലത്തോട്ടങ്ങളും 6 റബർ തോട്ടങ്ങളും ഉൾപ്പെടുന്ന പ്രത്യേക വിഭാഗത്തിന്റെ തലവനായിരിക്കും അദ്ദേഹം. 23 വർഷമായി ഹാരിസണിൽ സേവനമനുഷ്ഠിക്കുന്നു.

5. മുത്തൂറ്റ് ഫിനാൻസ് കടപ്പത്രം ഇന്നുമുതൽ

മുത്തൂറ്റ് ഫിനാൻസ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (non-convertible debentures-NCD) ഇഷ്യൂ ആരംഭിച്ചു. എൻസിഡികളുടെ മൂല്യം 100 കോടിയാണെങ്കിലും 650 കോടി വരെയുള്ള നിക്ഷേപം നിലനിർത്താം. 750 കോടി വരെ സമാഹരിക്കാം. മാർച്ച് 14ന് ഇഷ്യൂ സമാപിക്കും. 9.2% മുതൽ 10% വരെയാണ് പലിശ.

LEAVE A REPLY

Please enter your comment!
Please enter your name here