ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 6

1. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 2017-18 ല്‍ 6.1 ശതമാനം

പുതിയ സര്‍വേ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 2017-18 ല്‍ 6.1 ശതമാനം. സര്‍വേയിലെ വിവരങ്ങള്‍ സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ഈ സര്‍വേയുടെ ഫലം മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ സര്‍വേകളേക്കാള്‍ വളരെ വ്യത്യസ്തമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

2. ഉന്നത വിദ്യാഭ്യാസ രംഗത്ത് നോര്‍വേയുമായി ഇന്ത്യ നാല് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു

ഉന്നത വിദ്യാഭ്യാസത്തിന് ഉണര്‍വേകാന്‍ നോര്‍വേയ്‌ക്കൊപ്പം കൈകോര്‍ക്കുകകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ നാല് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു. നോര്‍വേയില്‍ നിന്നുള്ള ഡെലിഗേറ്റുകളുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് നോര്‍വീജിയന്‍ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ആന്‍ ലിന്‍ വോല്‍ഡ് ഇന്ത്യയുമായി ധാരണാ പത്രങ്ങളില്‍ ഒപ്പിട്ടത്. നാനോടെക്‌നോളജി, ജല മാനേജ്‌മെന്റ്, പുനരുപയോഗ ഊര്‍ജം, ഹെല്‍ത്ത് ആന്‍ഡ് ഡയഗനോസ്റ്റിക് ടൂള്‍സ്, ബയോഫോട്ടോണിക്‌സ് എന്നീ മേഖലകളില്‍ ഡല്‍ഹി ഐഐടി, യുഐടി, ദി ആര്‍ട്ടിക് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍വേ എന്നീ സ്ഥാപനങ്ങള്‍ സംയോജിച്ച് പ്രവര്‍ത്തിക്കും.

3. എയര്‍ ഇന്ത്യയുടെ മൂന്നു വര്‍ഷത്തെ നഷ്ടം 1.62 ലക്ഷം കോടി

എയര്‍ ഇന്ത്യ 2017 മുതല്‍ 2019 വരെയുള്ള കാലത്ത് വരുത്തിയ നഷ്ടം 1.62 ലക്ഷം കോടി രൂപ. 2016-'17-ല്‍ 48,447.37 കോടി, 2017-'18-ല്‍ 55,308.52 കോടി, 2018-'19-ല്‍ 58,255.89 കോടി എന്നിങ്ങനെയാണ് നഷ്ടക്കണക്കെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വിവിധ രാജ്യസഭയെ അറിയിച്ചു.

4. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍

വ്യക്തികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകളും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാന്‍ നടപടിയെടുത്തെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

5. വിദേശത്ത് താമസിക്കുന്നത് 13.62 ദശലക്ഷം ഇന്ത്യന്‍ പൗരന്മാര്‍

13.62 ദശലക്ഷം ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് താമസിക്കുന്നതായും 2018 ഏപ്രില്‍ മുതല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ അവര്‍ 118.3 ബില്യണ്‍ ഡോളര്‍ പണമയച്ചതായും സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it