നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 21

1. ബൈജൂസിന്റെ വാല്യൂവേഷൻ 5 ബില്യൺ ഡോളർ കടന്നു

മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച എഡ്യൂക്കേഷൻ-ടെക്നോളജി പ്ലാറ്റ് ഫോമായ ബൈജൂസ് പുതിയ റൗണ്ട് ഫണ്ടിംഗ് കൂടി നേടി കമ്പനിയുടെ വാല്യൂവേഷൻ 5.4 ബില്യൺ ഡോളർ നേടി. നിലവിൽ ഇന്ത്യയിലെ മുൻനിര യൂണികോണാണ് തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ എഡ്ടെക്ക് സ്റ്റാർട്ടപ്പ്. ഏറ്റവും ഒടുവിലായി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക്കും ചൈനീസ് ഇന്റർനെറ്റ് ഭീമനായ ടെൻസെന്റും ചേർന്ന് 31 മില്യൺ ഡോളറാണ് ബൈജൂസിൽ നിക്ഷേപിച്ചത്.
ജനറൽ അറ്റ്ലാന്റിക് 25 മില്യൺ ഡോളർ കൂടി നിക്ഷേപിക്കും.

2. എയർബിൻബി ഓയോയിൽ 100 മില്യൺ ഡോളർ നിക്ഷേപിക്കും

ഹോസ്പിറ്റാലിറ്റി മേഖലയിലെ യൂണികോണായ ഓയോയിൽ 100 മില്യൺ ഡോളർ നിക്ഷേപിക്കാൻ യുഎസ് ആസ്ഥാനമായ എയർബിൻബി. ഒരാഴ്ച മുൻപ് 400 മില്യൺ ഡോളറിന് യുഎസ് ഹോട്ടൽ ബുക്കിംഗ് സ്റ്റാർട്ടപ് ആയ ഹോട്ടൽ ടുനൈറ്റിനെ എയർബിൻബി ഏറ്റെടുത്തിരുന്നു. ഓയോവുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

3. ടെലകോം സബ്സ്ക്രൈബർമാരുടെ എണ്ണം 120 കോടി കടന്നു

രാജ്യത്തെ ടെലകോം സബ്സ്ക്രൈബർമാരുടെ എണ്ണം 120 കോടി കടന്നു. റിലയൻസ് ജിയോ, ബിഎസ്എൻഎൽ, എയർടെൽ എന്നിവർ ജനുവരിയിൽ കൂടുതൽ ഉപഭോക്താക്കളെ നേടി. 2018 ഡിസംബറിൽ 1,197.87 മില്യൺ ആയിരുന്നു സബ്സ്ക്രൈബർ ബേസ്. 2019 ജനുവരിയിൽ ഇത് 1,203.77 മില്യൺ ആയി ഉയർന്നു.

4. നരേഷ് ഗോയൽ ജെറ്റ് ബോർഡിൽ നിന്ന് പുറത്തുപോകണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടേക്കും

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ കമ്പനി ബോർഡിൽ നിന്ന് പുറത്തുപോകണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടേക്കും. എയർലൈനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും മാനേജ്മെന്റ് തലത്തിൽ മാറ്റം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബാങ്കുകൾ. ഇതിനിടെ ജെറ്റ് എയർവേയ്സിലെ 260 പൈലറ്റുമാർ സ്‌പൈസ് ജെറ്റിൽ ജോലിക്കപേക്ഷിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.

5. ഏപ്രിൽ ഒന്നുമുതൽ യുഎസ് പുതിയ H1-B അപേക്ഷകൾ സ്വീകരിക്കും

ഏപ്രിൽ ഒന്നുമുതൽ യുഎസ് പുതിയ H1-B അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. തൊഴിൽ പ്രാരംഭ തീയതി ഒക്ടോബർ ഒന്നായിരിക്കുമെന്ന് അമേരിക്കൻ ബസാർ ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷത്തെപ്പോലെ വിസകളുടെ എണ്ണം 65,000 പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ യുഎസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഉയർന്ന ബിരുദം നേടിയവരുടെ 20,000 വിസ അപേക്ഷകളും പരിഗണിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it