നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 25 

1. ഐഎൽ & എഫ്എസിൽ നിക്ഷേപിച്ചിരിക്കുന്നത് പിഎഫിന്റെ 7,009 കോടി രൂപ

കടക്കെണിയിലായ ഐഎൽ & എഫ്എസ് ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി പ്രൊവിഡന്റ് ഫണ്ട് 7,009 കോടി രൂപ നിക്ഷേപിച്ചിരുന്നെന്ന് കോർപറേറ്റ് കാര്യ മന്ത്രാലയം ലോക്‌സഭയിൽ പറഞ്ഞു. ഓഡിറ്റർമാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെച്ചെന്നാരോപിച്ച് ജൂൺ 10ന് മന്ത്രാലയം നാഷണൽ കമ്പനി ലോ ട്രിബ്യുണലിനെ സമീപിച്ചിരുന്നു. ജൂലൈ 15 ന് വാദം കേൾക്കും.

2. ആർബിഐ ഫണ്ട് കൈമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ട് ബജറ്റിന് ശേഷം

ആർബിഐയുടെ അധിക ഫണ്ട് സർക്കാരിന് കൈമാറുന്നതു സംബന്ധിച്ച റിപ്പോർട്ട് ബജറ്റിന് ശേഷം സമർപ്പിക്കും. മുൻ ആർബിഐ ഗവർണർ ബിമൽ ജലാൻ നേതൃത്വം നൽകുന്ന ആറംഗ പാനലാണ് ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഏപ്രിലിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ സമവായത്തിലെത്താത്തതിനാൽ നാല് തവണയായി മാറ്റിവെക്കുകയായിരുന്നു.

3. ഇറാനുമേൽ കൂടുതൽ ഉപരോധങ്ങളുമായി ട്രംപ്

ഇറാനുമേല്‍ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താന്‍ അമേരിക്ക. അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതോടെയാണ് നടപടികൾ കടുപ്പിക്കാൻ അമേരിക്ക തീരുമാനിച്ചത്. ആണവായുധം ഇറാൻ ഉപേക്ഷിക്കണമെന്നതാണ് യുഎസ് ആവശ്യം. മുൻപ് ഇറാനിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണ വാങ്ങുന്നതിനെ യുഎസ് തടഞ്ഞിരുന്നു. ഉപരോധം കൊടുക്കുന്നതോടെ ഇറാനും നേതാക്കൾക്കും ഉള്ള ഫണ്ട് ലഭ്യത തടയാനുള്ള വഴികൾ അമേരിക്ക തേടും.

4. ബിന്നി ബൻസാൽ 531 കോടിയുടെ ഓഹരി വാൾമാർട്ടിന് വിറ്റു

ഫ്ലിപ്കാർട്ടിന്റെ സഹ സ്ഥാപകൻ ബിന്നി ബൻസാൽ കമ്പനിയിലെ 5.39 ലക്ഷം ഓഹരികൾ വാൾമാർട്ടിന് വിറ്റു. 7.64 കോടി ഡോളറി (531 കോടി രൂപ) നായിരുന്നു വില്പന. വാൾമാർട്ടിന് കീഴിലുള്ള എഫ്.ഐ.ടി. ഹോൾഡിങ്‌സ് ആണ് ഓഹരി വാങ്ങിയത്. ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം വാൾമാർട്ട് സ്വന്തമാക്കിയിരുന്നു.

5. മൈൻഡ്ട്രീയിൽ പിടിമുറുക്കി എൽ&ടി

സിംഗപ്പൂർ ആസ്ഥാനമായ നളന്ദ കാപിറ്റൽ മൈൻഡ്ട്രീയിലുള്ള തങ്ങളുടെ 10.61 ശതമാനം ഓഹരിയും എൽ&ടിയ്ക്ക് വിറ്റു. ഇതോടെ മൈൻഡ്ട്രീയിയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോട് എൽ&ടി കൂടുതൽ അടുത്തു. മൈൻഡ്ട്രീ ഓഹരിയുടമകൾക്കുള്ള എൽ&ടിയുടെ ഓപ്പൺ ഓഫർ വഴിയാണ് 1,707.46 കോടിയുടെ ഓഹരി നളന്ദ വിറ്റത്. ജൂൺ 28ന് ഓപ്പൺ ഓഫർ അവസാനിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it