ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ജനുവരി 30

1. ബി.എസ്.എന്‍.എലില്‍ നിന്ന് നാളെ പടിയിറങ്ങുന്നത് 78,559 പേര്‍

ബി.എസ്.എന്‍.എലില്‍ നിന്ന് 78,559 ജീവനക്കാര്‍ സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ നാളെ പടിയിറങ്ങും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളിലൊന്നാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ നടപ്പാവുന്നത്. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക.

2. ഡിഎച്ച്എഫ്എല്‍:ചില്ലറ വായ്പാ വിതരണത്തില്‍ 12,773 കോടി രൂപയുടെ ക്രമക്കേടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

2010 നും 2015 നും ഇടയില്‍ ചില്ലറ വായ്പാ ക്രമക്കേടില്‍ പ്രമോട്ടര്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 79 ഷാഡോ കമ്പനികള്‍ക്ക് 12,773 കോടി രൂപ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് (ഡിഎച്ച്എഫ്എല്‍) കൈമാറിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

3. മുത്തൂറ്റ് തൊഴില്‍ തര്‍ക്കം: നാലാം വട്ട ചര്‍ച്ച ഫെബ്രുവരി ആറിന്

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാനുള്ള നാലാം വട്ട ചര്‍ച്ച ഫെബ്രുവരി ആറിനു നടത്തും. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെയും തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടായില്ല. സമരം അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച് ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നിര്‍ദ്ദേശിച്ചത്.സിഐടിയു നേതാക്കളും മുത്തൂറ്റ് മാനേജ്മെന്റിന് വേണ്ടി നാല് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

4. ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി ഏകീകൃത നിറം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. ടൂറിസ്റ്റ് ബസ് നടത്തിപ്പുകാര്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്.

5. മണല്‍വാരല്‍ പിഴ ശിക്ഷ അഞ്ചു ലക്ഷം രൂപയാകും

കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്താനാണ് തീരുമാനം. ഇതിനായി തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it