ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 9

1. മുന്നാക്ക സംവരണം: ഭേദഗതി ലോകസഭ പാസാക്കി

മുന്നോക്ക വിഭാഗത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി ലോക്‌സഭ അംഗീകരിച്ചു. 124 മത്തെ ഭരണഘടനാ ഭേദഗതിയാണിത്. മൂന്നിനെതിരെ 323 വോട്ടിനാണ് ബിൽ പാസായത്.

2. കേരള ബാങ്കിന് നബാർഡിന്റെ പുതിയ ഉപാധി

കേരള ബാങ്കിന് പുതിയ ഉപാധിയുമായി നബാർഡ്. സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും കേരള ബാങ്കിൽ വോട്ടവകാശം നൽകണമെന്നാണ് നബാർഡിന്റെ നിബന്ധന. റിസർവ് ബാങ്ക് നിർദേശിച്ച 19 മാനദണ്ഡങ്ങൾക്കൊപ്പം ഇതുൾപ്പെടെയുള്ള മൂന്ന് അധിക നിബന്ധനകളാണ് ഇപ്പോൾ നബാർഡ് നിർദേശിച്ചിരിക്കുന്നത്. മറ്റ് രണ്ട് നിർദേശങ്ങൾ: കേരള ബാങ്കിലെ ഓഹരിപങ്കാളിത്തം ഒഴിവാക്കണമെന്ന് സംഘങ്ങൾ ആവശ്യപ്പെട്ടാൽ അതിന് അനുമതിനൽകണം. ഓരോ ജില്ലാബാങ്കിന്റെയും ലയനത്തിന് മുമ്പുള്ള അറ്റമൂല്യം കണക്കാക്കിയാണ് ഓഹരിപങ്കാളിത്തം നിശ്ചയിക്കേണ്ടത്.

3. ഹർത്താൽ നാശനഷ്ടം: ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു

ഹർത്താലും പ്രക്ഷോഭവും നടക്കുമ്പോൾ സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുന്നവർക്കു കഠിന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിൽ ഗവർണർ പി സദാശിവം ഒപ്പുവെച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ അഞ്ച് വര്‍ഷം തടവും സ്വത്തു കണ്ടുകെട്ടലും പിഴയും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നത്.

4. ഡിജിറ്റൽ പേയ്മെന്റ് സുരക്ഷ ഉറപ്പാക്കാൻ കമ്മിറ്റി, നിലേകനി നയിക്കും

ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കാര്യക്ഷമമാക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉന്നതതല സമിതിക്ക് രൂപം നൽകി. അഞ്ചു പേരടങ്ങുന്ന കമ്മിറ്റിക്ക് ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനി നേതൃത്വം നൽകും. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന യുഐഡിഎഐയുടെ തലവനായിരുന്നു നിലേകനി.

5. ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് ബിൽ പാസാക്കിയത്. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്ലിം സമുദായത്തിൽപ്പെട്ടവരല്ലാത്ത ആളുകൾക്ക് പൗരത്വം നൽകാൻ അനുവദിക്കുന്നതാണ് ബിൽ. 1955-ൽ നിർമിച്ച പൗരത്വനിയമമാണ് 2016-ലെ പൗരത്വ ഭേദഗതിബില്ലിലൂടെ ഭേദഗതി ചെയ്യുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it