നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 12

1. കിസാൻ സമ്മാൻ നിധി: 2.6 കോടി കർഷകർക്ക് സഹായമെത്തി

കിസാൻ സമ്മാൻ നിധിയ്ക്ക് കീഴിൽ 2.6 കോടി കർഷകർക്ക് സഹായമെത്തിച്ച് സർക്കാർ. ഇതുവരെ പദ്ധതിപ്രകാരം 5,216 കോടി രൂപ വിതരണം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്തെ 12 കോടി കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം നൽകാനുള്ള 75,000 കോടി രൂപയുടെ പദ്ധതിയാണ് കിസാൻ സമ്മാൻ നിധി.

2. പിഎൻബി തട്ടിപ്പ്: നീരവ് മോദിയുടെ ഭാര്യയ്‌ക്കെതിരെ കുറ്റപത്രം

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ വജ്രവ്യാപാരി നീരവ് മോദിയുടെ ഭാര്യ ആമിയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചു. അവർക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ അപേക്ഷ നൽകും. അനധികൃതമായി 30 മില്യൺ ഡോളർ യുഎസിലേക്ക് കടത്തിയെന്നാണ് ആമിക്കെതിരെയുള്ള കുറ്റം.

3. എഫ്എംസിജി വിൽപനയിൽ 22% വളർച്ച

ഓർഗനൈസ്ഡ് റീറ്റെയ്ൽ സ്ഥാപനങ്ങൾ വഴിയുള്ള എഫ്എംസിജി വിൽപന 22 ശതമാനം വളർച്ച നേടിയതായി നീൽസൺ ഇന്ത്യ റിപ്പോർട്ട്. 2018 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ചീസ്, ബിസ്‌കറ്റ്, ഹെയർ കണ്ടീഷണറുകൾ, പാക്കേജ്ഡ് റൈസ് എന്നിവയുടെ വിൽപ്പന കൂടിയിട്ടുണ്ട്. ജിഎസ്ടി, ഡിജിറ്റൽ പേയ്മെന്റ്സ് എന്നിവ വിൽപ്പനയെ സ്വാധീനിച്ച ഘടകങ്ങളാണ്.

4. യാത്ര ഡോട്ട് കോമിന് ഏറ്റെടുക്കൽ ഓഫറുമായി യുഎസ് കമ്പനി

പ്രമുഖ ഓൺലൈൻ ട്രാവൽ സേവന ദാതാവായ യാത്ര ഡോട്ട് കോമിനെ ഏറ്റെടുക്കാൻ തയ്യാറായി യുഎസ് സോഫ്റ്റ്‌വെയർ കമ്പനിയായ എബിക്സ്. 336 മില്യൺ ഡോളറാണ് (ഏകദേശം 2,345 കോടി രൂപ) ഓഫർ.

5. ബോയിങ് 737 മാക്സ് വിമാനങ്ങൾ പറത്താൻ സുരക്ഷാ നിർദേശങ്ങൾ നൽകി ഡിജിസിഎ

എത്യോപ്യൻ വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ബോയിങ് 737 മാക്സ് വിമാനങ്ങൾ പറത്താൻ പ്രത്യേക സുരക്ഷാ നിർദേശങ്ങൾ ഡിജിസിഎ പ്രഖ്യാപിച്ചു. ഈ വിമാനങ്ങൾ പറത്തുന്നവർക്ക് കുറഞ്ഞത് 1,000 മണിക്കൂറെങ്കിലും പരിചയം ഉണ്ടായിരിക്കണം. കോ-പൈലറ്റിന് 500 മണിക്കൂറും. എക്വിപ്മെന്റുകൾക്ക് പ്രത്യേക സുരക്ഷാ ചെക്കിങ് ഉൾപ്പെടെ മറ്റ് നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it