ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജനുവരി 24

1. ധനമന്ത്രാലയത്തിന്റെ ചുമതല പിയൂഷ് ഗോയലിന്

ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ് വകുപ്പുകളുടെ ചുമതല പീയുഷ് ഗോയലിന് നല്‍കി. അരുണ്‍ ജയ്റ്റ്‌ലി യു.എസില്‍ ചികില്‍സയ്ക്ക് പോയ സാഹചര്യത്തിലാണ് റയില്‍വേ മന്ത്രിയായ പീയുഷ് ഗോയലിനെ അധിക ചുമതല നൽകിയിരിക്കുന്നത്. ജയ്റ്റ്‌ലി തിരിച്ചുവരാൻ വൈകിയാൽ ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അദ്ദേഹമായിരിക്കും അവതരിപ്പിക്കുക. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഗോയലിന് ധനമാന്ത്രാലയത്തിന്റെ ചുമതല ലഭിക്കുന്നത്.

2. വ്യവസായം തുടങ്ങാൻ 30 ദിവസത്തിനുള്ളിൽ അനുമതി

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ അപേക്ഷ നൽകുന്നവർക്ക് 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ അനുമതികളും ലഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. 14 സർക്കാർ ഏജൻസികളിൽ നിന്ന് ലഭിക്കേണ്ട അനുമതിയാണ് 30 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നത്. 30 ദിവസത്തിനുള്ളിൽ അനുമതിയോ മറുപടിയോ കിട്ടിയില്ലെങ്കിൽ വ്യവസായം ആരംഭിക്കാം. വിവിധ ഏജസികൾക്ക് വ്യത്യസ്ത അപേക്ഷാ ഫോറങ്ങൾ നൽകുന്നതിന് പകരം ഒറ്റ ഫോം നിലവിൽ വരും. കെ-സ്വിഫ്റ്റ് എന്ന സംവിധാനം വഴിയാണ് ഏകജാലക അപേക്ഷ കൈകാര്യം ചെയ്യുന്നത്.

3. കനേഡിയൻ കമ്പനി ടെക്നോപാർക്കിലേക്ക്

കാനഡ ആസ്ഥാനമായ പ്രമുഖ ഇലക്ട്രോണിക് ലാൻഡ് രജിസ്‌ട്രേഷൻ കമ്പനിയായ ടെറാനെറ്റ് തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിക്കും. ഏപ്രിലിലാണ് കമ്പനി ഇവിടെ പ്രാവത്തനം തുടങ്ങുക. 95 ദശലക്ഷം ഡോളർ മൂല്യമുള്ള കമ്പനിയാണ് ടെറാനെറ്റ്. 10,000 ചതുരശ്ര അടി സ്ഥലമാണ് കമ്പനി ഏറ്റെടുക്കുക.

4. ചൈന-യുഎസ് വ്യാപാര യുദ്ധം താൽക്കാലികമെന്ന് ചൈനീസ് പ്രതിനിധി ദാവോസിൽ

ചൈനയും യുഎസും തമ്മിൽ നിലനിൽക്കുന്ന വ്യാപാര തർക്കം താൽക്കാലികമാണെന്ന് ചൈന റെയിൽവേ റോളിങ്ങ് സ്റ്റോക്ക് കോർപറേഷൻ വൈസ് പ്രസിഡന്റ് സൺ യോങ് സായ് ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ട്. ഇരുവരും ചർച്ചയിലാണ്. പോസിറ്റീവ് ആയുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറി കൂടിയായ സൺ യോങ് സായ് പറഞ്ഞു.

5. റയിൽവേയിൽ 2.50 ലക്ഷം ഒഴിവുകൾ, ഉടൻ പ്രഖ്യാപനമെന്ന് പിയൂഷ് ഗോയൽ

ഇന്ത്യൻ റയിൽവേയിൽ ഉടനെ 2.50 ലക്ഷം ജോലി ഒഴിവുകളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് മന്ത്രി പിയൂഷ് ഗോയൽ. അതിനുശേഷം 1.50 ലക്ഷം ഒഴിവുകൾ കൂടി നികത്തേണ്ടതായി വരും. ആകെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് റെയിൽവേ തുറന്നിടുക. പ്രധാനപ്പെട്ട 22 ട്രെയിനുകൾക്ക് എക്സ്‌റ്റെൻഷൻ അനുവദിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it