നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 4

1. ജിഎസ്ടി കൗൺസിൽ യോഗം ഉടൻ

ജിഎസ്ടി കൗൺസിൽ ഉടൻ യോഗം ചേർന്നേക്കുമെന്ന് സൂചന. രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപേ നിർണ്ണായക തീരുമാനങ്ങൾ കൗൺസിൽ എടുത്തേക്കുമെന്നാണ് സൂചന. ധനമന്ത്രി നിർമല സീതാരാമനാണ് കൗൺസിൽ അധ്യക്ഷൻ.

2. യൂസഫലിക്ക് യുഎഇ ആജീവനാന്ത വിസ

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് യുഎഇയുടെ ആജീവനാന്ത വിസ. യുഎഇയിലെ ഗോൾഡ് റെസിഡൻസ് കാർഡ് വിസയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് ഗോൾഡ് കാർഡ് വീസ ലഭിക്കുന്ന ആദ്യ വിദേശ വ്യവസായിയാണ് അദ്ദേഹം. 100 ബില്യൻ നിക്ഷേപമുള്ള 6800 നിക്ഷേപകർക്കാണ് ആദ്യ ഘട്ടത്തിൽ ആജീവനാന്ത വീസയായ ഗോൾഡ് കാർഡ് അനുവദിക്കുന്നത്.

3. ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

ഈ വർഷം ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് റിപ്പോർട്ട്. കൂടാതെ 2025 ഓടെ ഏഷ്യ-പെസഫിക് റീജിയണിൽ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും ഐഎച്ച്എസ് മാർകിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തോടെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടിൽ പറയുന്നു.

4. പ്രീ-മൺസൂൺ മഴയുടെ തോത് 65 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഇത്തവണത്തെ മൺസൂണിന് മുന്നോടിയായി ലഭിച്ച മഴയുടെ തോത് 65 വർഷത്തെ ഏറ്റവും താഴ്ന്നത്. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ലഭിച്ച മഴയിൽ 25 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ കേരള തീരത്ത് മൺസൂൺ എത്തും.

5. സെന്‍സെക്‌സില്‍ നഷ്ടത്തോടെ തുടക്കം

തിങ്കളാഴ്ച റെക്കോർഡ് കുതിപ്പ് നേടിയ സെന്‍സെക്‌സിൽ ഇന്ന് നഷ്ടത്തോടെ തുടക്കം. വ്യാപാരം തുടങ്ങിയപ്പോൾ 132 പോയന്റ് നഷ്ടം രേഖപ്പെടുത്തിയിരുന്നു. 40000 മുകളിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 43 പോയന്റ് നഷ്ടത്തില്‍ 12,045ലുമാണ് വ്യാപാരം നടക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it