നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 18

1. ഓഹരി വിപണി റെക്കോർഡ് കുതിപ്പിൽ

ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്. സെൻസെക്സ് 212 പോയ്‌ന്റ് ഉയർന്ന സർവകാല റെക്കോർഡ് ആയ 39,487.45 ൽ എത്തി. 11,856.15 പോയ്‌ന്റിൽ എത്തി നിഫ്റ്റിയും റെക്കോർഡിട്ടു. റിലയൻസ് ഇൻഡസ്ട്രീസ് 2 ശതമാനം നേട്ടം രേഖപ്പെടുത്തി. ജെറ്റ് എയർവേയ്സ് ഓഹരികൾ 10 ശതമാനം ഇടിഞ്ഞു.

2. ജെറ്റ് എയർവേയ്സ് പ്രവർത്തനം നിർത്തി

കടക്കെണിയിൽപ്പെട്ട് പ്രതിസന്ധിയിലായ ജെറ്റ് എയർവേസ് താത്കാലികമായി പ്രവർത്തനം നിർത്തി. 400 കോടി രൂപയുടെ അടിയന്തര വായ്പസഹായം നൽകണമെന്ന അഭ്യർഥന ബാങ്കുകൾ നിരസിച്ചതോടെ അടച്ചുപൂട്ടാൻ എയർലൈൻ നിർബന്ധിതരാവുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30-ന് അമൃത്‌സറിൽനിന്ന് ഡൽഹിയിലേക്കായിരുന്നു അവസാന സർവീസ്.

3. റെക്കോർഡ് ഡിവിഡന്റ് പ്രഖ്യാപിച്ച് മൈൻഡ്ട്രീ

റെക്കോർഡ് ഡിവിഡന്റ് പ്രഖ്യാപിച്ച് പ്രമുഖ ഐടി കമ്പനിയായ മൈൻഡ്ട്രീ. 200 ശതമാനം സ്പെഷ്യൽ ഡിവിഡന്റാണ് ഇത്തവണ നൽകുന്നത്. എൽ & ടി യുടെ ഏറ്റെടുക്കൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡിവിഡന്റ് പ്രഖ്യാപനം. അതായത് ഓഹരിയൊന്നിന് 20 രൂപ. നാലാം പാദത്തിലെ സാമ്പത്തിക ഫലവും പ്രഖ്യാപിച്ചു. ലാഭം 8.9 ശതമാനം വർധിച്ച് 198.4 കോടി രൂപയിലെത്തി.

4. ബ്രിട്ടീഷ് കളിപ്പാട്ട കമ്പനി ഏറ്റെടുക്കാൻ റിലയൻസ്

ബ്രിട്ടീഷ് കളിപ്പാട്ട ബ്രാൻഡായ ഹാംലീസിനെ ഏറ്റെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഏകദേശം 350 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടക്കുകയെന്നാണ് റിപ്പോർട്ട്. ഹാംലീസിന് കേരളത്തിലും സ്റ്റോറുകൾ ഉണ്ട്.

5. ക്വാളിറ്റി ഡയറിയെ ഏറ്റെടുക്കാൻ ഹൽദിറാമും

ഇൻസോൾവെൻസി നടപടികൾ നേരിടുന്ന ക്വാളിറ്റി ഡയറിയെ ഏറ്റെടുക്കാൻ പ്രമുഖ കമ്പനികൾ രംഗത്ത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ ഹൽദിറാം സ്‌നാക്‌സ് കൂടി എത്തിയിരിക്കുകയാണ്. ടിപിജി ക്യാപിറ്റൽ, ഇന്ത്യ ആർഎഫ്, എൽവിപി ഫുഡ്സ് ആർസിയോൺ റിവൈറ്റലൈസേഷൻ എന്നിവയാണ് ബിഡിങ്ങിൽ ഉൾപ്പെട്ട മറ്റു കമ്പനികൾ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it