നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 10

1. സൗത്ത് ഇന്ത്യൻ ബാങ്ക്: ലാഭം 247.5 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം സൗത്ത് ഇന്ത്യൻ ബാങ്കിന് 247.5 കോടി രൂപ ലാഭം. പ്രവർത്തന ലാഭം 16.6 ശതമാനം ഉയർന്ന് 328 കോടി രൂപയിലെത്തി. നിക്ഷേപം 80,420 കോടി രൂപയായി വർധിച്ചു. ആകെ കിട്ടാക്കടം 3.45 ശതമാനമായി ഉയർന്നു.

2. അപ്പോളോ ടയേഴ്‌സ്: അറ്റാദായം 84 കോടി

മാർച്ച് 31 ന് അവസാനിച്ച ത്രൈമാസ പാദത്തിൽ അപ്പോളോ ടയേഴ്‌സിന്റെ അറ്റാദായം 66.42% കുറഞ്ഞ്‌ 84 കോടി രൂപയിലെത്തി. ഐഎൽ & എഫ്എസിന്റേതായി 100 കോടി രൂപ എഴുതിത്തള്ളിയതാണ് ലാഭം കുറഞ്ഞതിന് പിന്നിൽ. തൊട്ടുമുൻപത്തെ വർഷം ഇതേ കാലയളവിൽ 250.11 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ലാഭം 680 കോടി രൂപയും പ്രവർത്തനലാഭം 2082 കോടി രൂപയുമാണ്.

3. ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഇന്ത്യ മേധാവിയായി മലയാളി

ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഇന്ത്യ മേധാവിയായി മലയാളിയായ ഹരി മേനോൻ. ഇദ്ദേഹം നിലവിൽ ഫൗണ്ടേഷന്റെ യുഎസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനാണ്. ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്‌സുമാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

4. വികെസിയുടെ 'വാക്കരൂ'വിന്റെ ബ്രാൻഡ് അംബാസഡറായി ആമിർഖാൻ

വികെസി ഗ്രൂപ്പിന്റെ പാദരക്ഷാ ബ്രാൻഡായ വാക്കരൂവിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ആമിർ ഖാൻ. കൂടുതൽ പുതിയ മോഡലുകളും 'ബി റെസ്റ്റ്ലെസ്സ്' എന്ന പരസ്യ കാംപെയ്നും അവതരിപ്പിക്കുമെന്ന് വികെസി മാനേജിങ് ഡയറക്ടർ വി. നൗഷാദ് പറഞ്ഞു.

5. ബ്രിട്ടീഷ് ടോയ് ബ്രാൻഡ് ഹാംലീസ് ഇനി റിലയൻസിന് സ്വന്തം

ബ്രിട്ടീഷ് കളിപ്പാട്ട ബ്രാൻഡായ ഹാംലീസിനെ 650 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കും. 259 വർഷത്തെ പഴക്കമുള്ള കമ്പനിയാണ് ഹാംലീസ്. ഹാംലീസിന് കേരളത്തിലും സ്റ്റോറുകൾ ഉണ്ട്. നിലവിൽ ചൈനീസ് ഫാഷൻ കമ്പനിയായ സി ബാനർ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലാണ് ഹാംലീസ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it